സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മുൻപുണ്ടായ എൽ നിനോ സാഹചര്യം പോലുള്ള പ്രതിസന്ധികൾ ഭാവിയിൽ ആവർത്തിക്കുകയാണെങ്കിൽ, പുറത്തുനിന്നുള്ള വൈദ്യുതിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കേരളത്തിന് സാധിക്കില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
ഈ പശ്ചാത്തലത്തിൽ പുതിയ വൻകിട ജലവൈദ്യുത പദ്ധതികൾക്കും, വെള്ളം പുനരുപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും പ്രത്യേക മുൻഗണന നൽകേണ്ടതുണ്ട്.
എന്നാൽ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ (ബെസ്) ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടിക്രമങ്ങൾ ആരംഭിച്ചവ ഉൾപ്പെടെ ആകെ 3000 മെഗാവാട്ട് വൈദ്യുതിയുടെ വിവിധ ദീർഘകാല കരാറുകളാണ് അടുത്ത വർഷങ്ങളിൽ യാഥാർത്ഥ്യമാകുമെന്ന് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
ഇതിൽ പല കരാറുകളിലെയും വൈദ്യുതി വിതരണം 2028-ന് ശേഷമേ ലഭ്യമായി തുടങ്ങുകയുള്ളൂ. ഏറ്റവുമൊടുവിലായി സോളർ എനർജി കോർപറേഷനുമായി ബോർഡ് ധാരണയിലെത്തിയ കരാർ പ്രകാരം, പീക്ക് സമയമായ നാല് മണിക്കൂറിൽ 300 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് യൂണിറ്റിന് 6.70 രൂപ നിരക്കിൽ ലഭ്യമാകും.
ഈ പദ്ധതി ഒന്നര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

