സാധാരണക്കാർക്ക് വലിയ ആശ്വാസമായി എടിഎം കൗണ്ടറുകളുടെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ഇനി മുതൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് പുറമെ പുതിയ റുപേയ് കാർഡുകളും എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി) കാർഡുകളും ലഭ്യമാകും.
പൂർണ്ണമായും ആൻഡ്രോയിഡ് സിസ്റ്റം അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നൂതന എടിഎം കൗണ്ടറുകളിലാണ് ഈ ആധുനിക സൗകര്യം ഒരുക്കുന്നത്. മുംബൈയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് ഈ സുപ്രധാന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾക്കായി ബാങ്ക് ശാഖകളെ ആശ്രയിക്കുകയോ തപാലിൽ എത്തുന്നതുവരെ കാത്തിരിക്കുകയോ ചെയ്യേണ്ട അവസ്ഥയ്ക്ക് വിരാമമാകും.
ഇതിനുപുറമേ, വ്യാപാരികൾക്ക് യുപിഐ മുഖേന പണം സ്വീകരിക്കുന്നതിനായി എടിഎം കൗണ്ടറുകളിൽ നിന്ന് തന്നെ നേരിട്ട് ക്യുആർ കോഡ് ജനറേറ്റ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചെക്കുകൾ നിക്ഷേപിക്കുക, പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുക, വായ്പകൾക്കായി അപേക്ഷിക്കുക തുടങ്ങിയ വിവിധ സേവനങ്ങളും ഈ കൗണ്ടറുകൾ വഴി ഉപഭോക്താക്കൾക്ക് ലഭിക്കും.
ഈ മാറ്റങ്ങളോടെ പരമ്പരാഗതമായി പണം നൽകുന്ന യന്ത്രം എന്ന നിലയിൽ നിന്ന് എടിഎമ്മുകൾ സമ്പൂർണ്ണമായ ഒരു ചെറിയ ബാങ്കിങ് സംവിധാനമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. നിലവിൽ രാജ്യത്തെ പ്രധാനപ്പെട്ട
പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് ഉൾപ്പെടെയുള്ള 9 ബാങ്കുകൾ ഈ പുതിയ എടിഎം സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ, കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി), പിഎം മുദ്ര യോജന എന്നിവയിലൂടെ അനുവദിക്കുന്ന വായ്പകൾ യുപിഐ സംവിധാനം വഴി നേരിട്ട് ഉപയോഗപ്പെടുത്താനുള്ള പുതിയ സൗകര്യവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

