എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം സംബന്ധിച്ച വാർത്തകൾ തള്ളി മുഹമ്മദ് റിയാസ് രംഗത്ത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ് ഇ.ഡി പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.
പണമിടപാട് നടത്തിയതായി ടി.വീണ സമ്മതിച്ചു എന്ന് ഇ.ഡി പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തുമാണ് കഴിഞ്ഞ ദിവസം ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്.
എന്നാൽ വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ‘ഇന്നത്തെ മാധ്യമങ്ങളിൽ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്.
ഇ.ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇ.ഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ.ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്.
ഇത് പച്ചക്കള്ളമാണ്. ഇ.ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ, ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.
നിയമപരമായി പോരാടും’–മുഹമ്മദ് റിയാസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

