കൊല്ലം ബീച്ചിന് സമീപം രക്ഷാപ്രവർത്തനത്തിനെത്തിയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞു. അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലിനാണ് സംഭവം നടന്നത്. മൂതാക്കരയിൽ നിന്ന് കെട്ടഴിഞ്ഞ് കടലിലൂടെ ഒഴുകിനടന്ന ‘ജെസിമോൾ’ എന്ന വള്ളം കെട്ടിവലിച്ചുകൊണ്ടുപോകാൻ എത്തിയ ‘സെന്റ് ആന്റണീസ്’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മൂതാക്കര സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കീഴ്മേൽ മറിഞ്ഞ വള്ളത്തിന്റെ അടിയിൽപ്പെട്ട
ഇവർ നീന്തിയാണ് കരയിലേക്ക് എത്തിയത്. ഇന്നലെ രാവിലെ മൂതാക്കര തീരത്ത് കെട്ടിയിട്ടിരുന്ന ജനാലസിന്റെ ഉടമസ്ഥതയിലുള്ള ജെസി എന്ന വള്ളം കെട്ടഴിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്ററോളം കടലിലൂടെ ഒഴുകി കൊല്ലം ബീച്ചിന് സമീപം എത്തുകയായിരുന്നു.
വള്ളം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ ഷാജി നാട്ടുകാരുടെ സഹായത്തോടെ വള്ളത്തിനടുത്തെത്തി വടം ഉപയോഗിച്ച് കരയിലെ തൂണിൽ പിടിച്ചുകെട്ടി.
വള്ളം കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടുകയാണുണ്ടായത്. തുടർന്ന് വിവരം അറിഞ്ഞ് പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഉച്ചവരെ വള്ളം കരയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടമയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം മീൻപിടിത്തത്തിനായി ഉൾക്കടലിലാണെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഉടമ തന്നെ മൂതാക്കരയിലെ മറ്റ് മത്സ്യത്തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സെന്റ് ആന്റണീസ് വള്ളത്തിൽ അഞ്ച് തൊഴിലാളികൾ സ്ഥലത്തെത്തിയത്.
ജെസിമോൾ വള്ളം കെട്ടിവലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരമാല ആഞ്ഞടിക്കുകയായിരുന്നു. ഇതേത്തുടർന്ന് സെന്റ് ആന്റണീസും പിന്നാലെ ജെസിമോളും മറിഞ്ഞു.
പിന്നീട് മൂതാക്കരയിൽ നിന്ന് മറ്റ് രണ്ട് വള്ളങ്ങൾ കൂടി എത്തിയാണ് മറിഞ്ഞ രണ്ട് വള്ളങ്ങളെയും നിവർത്താതെ തന്നെ കെട്ടിവലിച്ചുകൊണ്ടുപോയത്. അപകടത്തിൽ മറിഞ്ഞ രണ്ട് വള്ളങ്ങളിലെയും എൻജിനുകളും വലകളും പൂർണ്ണമായും നശിച്ചു.
വള്ളം തിരമാലകളിൽപ്പെട്ട് പുലിമുട്ടുകൾക്കിടയിലേക്കോ തീരത്തെ മണൽതിട്ടയിലേക്കോ ഇടിച്ചുകയറി കൂടുതൽ തകരുമെന്ന ആശങ്കയിലായിരുന്നു തൊഴിലാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

