ദുബായിൽ നടന്ന വാർഷിക നിക്ഷേപ സംഗമത്തിനിടയിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തേക്ക് ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും ഭക്ഷ്യസംസ്കരണം, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ സാനിധ്യം അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തലസ്ഥാനമായ ഭോപാൽ, ഇൻഡോർ, ഉജ്ജയിൻ തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടുത്ത വർഷം ജനുവരിയിൽ ഭോപ്പാലിൽ വെച്ച് സംഘടിപ്പിക്കുന്ന മധ്യപ്രദേശ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനും മോഹൻ യാദവ് അദ്ദേഹത്തിന് ഔദ്യോഗികമായി ക്ഷണം നൽകി.
മധ്യപ്രദേശിൽ ലുലു ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ് മാൾ, ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നിവയ്ക്കായി 2000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സന്നദ്ധനാണെന്ന് എം.എ.യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു. തുടർനടപടികളും ചർച്ചകളും നടത്തുന്നതിനായി ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) എ.വി.ആനന്ദ് റാംന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മധ്യപ്രദേശ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകർക്ക് അനുകൂലമായ വ്യവസായനയമാണ് സംസ്ഥാനം നടപ്പിലാക്കുന്നതെന്നും ലുലു ഗ്രൂപ്പിന് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഈ ഉയർന്നതല ചർച്ചകളിൽ മധ്യപ്രദേശ് ഭക്ഷ്യ സംസ്കരണ സെക്രട്ടറി ജോൺ കിങ്സ്ലി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണു വർധൻ റെഡ്ഡി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

