കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിട്ടടുക്കത്ത് പുരാതനകാലത്തെ ചരിത്രശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. മഹാശിലാ കാലഘട്ടത്തിൽ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണ്ടെത്തൽ.
വിപ്രോ ഉദ്യോഗസ്ഥനായ എൻ. സജിത്ത് കുമാർ നിട്ടടുക്കം ചിത്തിരയിൽ താമസിക്കുന്ന വീട്ടുപറമ്പിലാണ് ചരിത്രപ്രധാനമായ ഈ ചെങ്കല്ലറ സ്ഥിതി ചെയ്യുന്നത്.
സംഭവസ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് ഇത് ചെങ്കല്ലറയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ കാഞ്ഞങ്ങാട് പ്രദേശം ജനാധിവാസ കേന്ദ്രമായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഈ നിർമ്മിതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി ഭസ്മം, അസ്ഥികൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ അടങ്ങിയ മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും നിക്ഷേപിച്ചാണ് മഹാശിലാ കാലഘട്ടത്തിൽ ഇത്തരം ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
പ്രകൃതിദത്തമായ ചെങ്കൽപാറ തുരന്നാണ് ഈ കല്ലറകൾ രൂപപ്പെടുത്തിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള ഉൾഭാഗത്തുനിന്നും പുറത്തേക്കുള്ള കവാടം വലിയ കല്ലുകൊണ്ട് അടച്ച നിലയിലാണ് കാണപ്പെടുന്നത്.
പടികളോടുകൂടിയ പ്രവേശന ഭാഗം നിലവിൽ പൂർണ്ണമായും മണ്ണുമൂടിയ അവസ്ഥയിലാണ്. ഒരാൾക്ക് ഗുഹയിലേക്ക് എളുപ്പത്തിൽ ഊഴ്ന്നിറങ്ങാൻ പാകത്തിലുള്ള ഒരു ദ്വാരവും ഇവിടെയുണ്ട്.
ഈ ദ്വാരം അടയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് നിലത്തു വീണുകിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പകരമായി വലിയൊരു പാറക്കഷ്ണം സ്ഥലമുടമകൾ 75 വർഷം മുൻപ് ഇതിനുമുകളിൽ കയറ്റിവെച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് കണ്ടെത്തിയ ഈ ചെങ്കല്ലറയുടെ മുകൾഭാഗത്ത് മധ്യഭാഗത്തായി 50 സെന്റിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള ഒരു ദ്വാരമുണ്ട്. ഏകദേശം രണ്ട് മീറ്റർ ആഴമുള്ള ഈ ദ്വാരത്തിന് താഴെയായാണ് വൃത്താകൃതിയിലുള്ള ചെങ്കല്ലറ സ്ഥിതി ചെയ്യുന്നത്.
കല്ലറയുടെ ഉൾഭാഗം പൂർണ്ണമായും മണ്ണുനിറഞ്ഞ നിലയിലായതുകൊണ്ട് പുരാതന മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇപ്പോൾ പുറത്തേക്ക് കാണാനാകുന്നില്ലെന്ന് ഡോ. നന്ദകുമാർ കോറോത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

