മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമായ ജസീല പർവീൺ ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർഥിയായി എത്തുന്നു. മുൻപ് സീസൺ 6ൻ്റെ സാധ്യതാ പട്ടികയിലും താരത്തിൻ്റെ പേര് സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
കർണാടകയിലെ കൂർഗിൽ ജനിച്ച ജസീലയുടെ വിളിപ്പേര് മിനി എന്നാണ്. തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം, 2018ൽ സംപ്രേക്ഷണം ആരംഭിച്ച ‘തേനും വയമ്പും’ എന്ന പരമ്പരയിലൂടെയാണ് മലയാള മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്.
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള താരം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഉറുദു, മറാത്തി തുടങ്ങിയ ഭാഷകൾ സംസാരിക്കാൻ അറിയുന്നയാളാണ്. ‘തേനും വയമ്പും’ കൂടാതെ സീത, അല്ലിയാമ്പൽ, അനുഗ്രഹ ഗാനം പോലെ, സുമംഗലി ഭവ, നാമം ജപിക്കുന്ന വീട് തുടങ്ങിയ നിരവധി ജനപ്രിയ സീരിയലുകളിലും ജസീല അഭിനയിച്ചിട്ടുണ്ട്.
2025ൽ പുറത്തിറങ്ങിയ ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലും താരം വേഷമിട്ടു. ജിമ്മും വർക്കൗട്ടുകളും ഇഷ്ടപ്പെടുന്ന ജസീലയുടെ ഫിറ്റ്നസ് ബിഗ് ബോസ് വീട്ടിലെ മത്സരങ്ങളിൽ വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്ത് മുൻ പങ്കാളിക്കെതിരെ താരം ഉന്നയിച്ച ഗാർഹിക പീഡന പരാതികൾ വലിയ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ നേരിട്ട
ദുരനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാട്ടിയ ജസീലയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. 2025 സെപ്റ്റംബർ-നവംബർ മാസങ്ങളിലാണ് വ്യക്തിപരമായ കാരണങ്ങളാൽ താരം വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്.
2025 ന്യൂയർ തലേന്നുണ്ടായ തർക്കത്തിൽ മുൻ പങ്കാളി ക്രൂരമായി മർദിച്ചെന്നും പ്ലാസ്റ്റിക് സർജറി വരെ വേണ്ടി വന്നെന്നും താരം വെളിപ്പെടുത്തിയിരുന്നു. പൊലീസ് നടപടികൾ വൈകിയെന്നും പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജസീല ആരോപിച്ചിരുന്നു.
നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം തന്നെ നിശബ്ദരാക്കപ്പെട്ട ഇരകൾക്ക് വേണ്ടിയാണ് തൻ്റെ ശബ്ദമെന്നും ജസീല വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുന്ന ജസീലയുടെ നിലപാടുകൾ ഹൗസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

