സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിരന്തരം സജീവ സാന്നിധ്യമായ രാഹുൽ ഈശ്വർ ബിഗ് ബോസ് മലയാളം സീസൺ 8 ലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായി കളത്തിലേക്ക്. ടെലിവിഷൻ അവതാരകനായി മാധ്യമ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, പിന്നീട് വിവിധ ചാനൽ ചർച്ചകളിലൂടെയാണ് പൊതുശ്രദ്ധ നേടിയത്.
കിരണ് ടിവിയിലൂടെ കരിയർ ആരംഭിച്ച രാഹുൽ, മലയാളം ടെലിവിഷൻ ചരിത്രത്തിലെ ആദ്യ റിയാലിറ്റി ഷോ ആയ ‘മലയാളി ഹൗസി’ലെ വിജയി കൂടിയായിരുന്നു. മതം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ പലപ്പോഴും കനത്ത ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ അയ്യപ്പ ധർമ്മ സേനയുടെ ഭാഗമായി രംഗത്തുവന്ന രാഹുൽ ഈശ്വർ, ഈ വിഷയത്തിലുള്ള പ്രതിഷേധങ്ങളെ തുടർന്ന് ഐപിസി സെക്ഷൻ 153 പ്രകാരം അറസ്റ്റിലായിരുന്നു. കൂടാതെ, കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണത്തെത്തുടർന്നും കഴിഞ്ഞ വർഷം അദ്ദേഹം അറസ്റ്റിലാവുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
ചാനൽ ചർച്ചകളിലെ വാഗ്വാദങ്ങളിലും സംവാദങ്ങളിലും വർഷങ്ങളുടെ അനുഭവസമ്പത്തുള്ള രാഹുൽ ഈശ്വറിന്, ആശയവിനിമയത്തിന് മുൻഗണനയുള്ള ബിഗ് ബോസ് വേദിയിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷോയിലേക്ക് പ്രവേശിക്കുമ്പോൾ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും താൻ ഏറ്റവുമധികം സംസാരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ചർച്ചയാക്കുമെന്ന് ഉറപ്പുള്ള രാഹുലിന്റെ ബിഗ് ബോസ് പ്രവേശനം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

