ടെഹ്റാൻ∙ പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേൽ ലക്ഷ്യമാക്കി സംഘടിതവും ശക്തവുമായ ആക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. ചരിത്രപ്രധാനമായ 2023 ഒക്ടോബർ 7 ലെ ഹമാസ് ശൈലി മാതൃകയാക്കിയുള്ള പദ്ധതിയാണ് ടെഹ്റാൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ദ് ജറുസലം പോസ്റ്റ് പുറത്തുവിട്ട
വിവരങ്ങൾ വ്യക്തമാക്കുന്നു. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളെ ആധാരമാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ, ഹമാസ് എന്നിവർക്ക് പുറമെ ഇറാഖിലെയും സിറിയയിലെയും ടെഹ്റാൻ അനുകൂല വിഭാഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി സംയുക്തമായി ഇസ്രയേലിനെതിരെ തിരിയാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇറാൻ റെവല്യൂഷണറി ഗാർഡിന്റെയും ഖുദ്സ് സേനയുടെയും ഉന്നത ഉദ്യോഗസ്ഥർ ഹിസ്ബുല്ല, ഹൂതി കമാൻഡർമാരുമായി നിർണായക ചർച്ചകൾ നടത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഒരേസമയം മിന്നലാക്രമണം നടത്തി ഇസ്രയേലിനെ കടുത്ത സമ്മർദ്ദത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഹമാസും ഹിസ്ബുല്ലയും ഇറാന്റെ പിന്തുണയോടെ അതിർത്തി മേഖലകളിൽ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രസ്തുത മാധ്യമം അവകാശപ്പെടുന്നു.
ഇതോടൊപ്പം തന്നെ, യുഎസ്, ഇസ്രയേൽ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളിൽ നഷ്ടപ്പെട്ട ആയുധശേഖരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും ഇറാൻ സജീവമാക്കിയിട്ടുണ്ട്.
രാജ്യത്ത് മിസൈൽ, ഡ്രോൺ ഉത്പാദന പ്രവർത്തനങ്ങൾ വൻതോതിൽ വേഗത്തിലാക്കിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ സൈനിക നടപടികളിൽ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരികയും സിറിയയിൽ അസദ് ഭരണകൂടം പതറുകയും ചെയ്ത പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിൽ ഇറാന്റെ സ്വാധീനം നഷ്ടപ്പെടുന്നുവെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഈ പുതിയ സൈനിക തന്ത്രങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ മുന്നേറ്റത്തിൽ മറ്റ് സഖ്യകക്ഷികളെ നേരിട്ട് പങ്കെടുപ്പിച്ചിരുന്നില്ല. എങ്കിലും, ഹിസ്ബുല്ലയെയും ഇറാനെയും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ വ്യാപ്തിയുള്ള ഒരു ആക്രമണം സംഘടിപ്പിക്കാൻ അന്നത്തെ ഹമാസ് നേതാവ് യഹ്യ സിൻവർ പദ്ധതിയിട്ടിരുന്നതായി ഗാസയിൽനിന്ന് പിടിച്ചെടുത്ത രേഖകളിൽനിന്ന് വ്യക്തമായിരുന്നു.
മുൻപ് സംഭവിച്ച ഏകോപനമില്ലായ്മകൾ ഒഴിവാക്കി, പഴുതുകളടച്ചുള്ള ഒരു വലിയ ആക്രമണത്തിലൂടെ ഇസ്രയേലിനെ പൂർണ്ണമായി വളഞ്ഞുപിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ഇറാൻ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

