ഇന്തോനേഷ്യയിൽ അനക് ക്രകതാവു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വൻ വ്യോമഗതാഗത തടസ്സം. സംഭവത്തെ തുടർന്ന് ആറ് വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചുപൂട്ടിയത്.
രാജ്യത്ത് വിവിധയിടങ്ങളിലായി ഒന്നരലക്ഷത്തിലധികം യാത്രക്കാരാണ് ഇതിനെത്തുടർന്ന് കുടുങ്ങിപ്പോയത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്ഫോടനം ആരംഭിച്ചത്.
മേഖലയിൽ തുടർച്ചയായ ഭൂചലനങ്ങളും ലാവ പുറന്തള്ളലും ശക്തമായ ശബ്ദവും അനുഭവപ്പെട്ടു. ഇതിനുപിന്നാലെ രണ്ട് തവണ കൂടി അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയുണ്ടായി.
അന്തരീക്ഷത്തിൽ ചാരം പടർന്നതിനെത്തുടർന്ന് ജക്കാർത്തയിലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് ആദ്യം അടച്ചത്.
467 വിമാന സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നത് പരിഗണിക്കണമെന്ന് വിമാനക്കമ്പനികളോട് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ദുഡി പൂർവഗന്ധി ആവശ്യപ്പെട്ടു.
സിംഗപ്പൂർ, ദോഹ, സിഡ്നി, കോലാലംപൂർ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകളെയും വിമാനത്താവളങ്ങളുടെ അടച്ചുപൂട്ടൽ സാരമായി ബാധിച്ചിട്ടുണ്ട്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം പടിഞ്ഞാറൻ ജാവ മേഖലയിലേക്ക് പടർന്നതായി പരിശോധനകളിൽ വ്യക്തമായതിനെത്തുടർന്നാണ് കൂടുതൽ വിമാനത്താവളങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചത്.
സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാരുടെ ടിക്കറ്റ് തുക തിരികെ നൽകുന്ന നടപടികൾ വേഗത്തിലാക്കാനും, വിമാനത്താവളങ്ങളിൽ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്തോനേഷ്യൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കുപ്രകാരം അഗ്നിപർവ്വതത്തിന് കിഴക്കൻ മേഖലയിലുള്ള ജാവയിൽ 20,000 അടിയും പടിഞ്ഞാറുള്ള സുമാത്ര ഭാഗത്ത് 50,000 അടിയും ഉയരത്തിലാണ് ചാരം പടർന്നിരിക്കുന്നത്.
ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ സുനാമി മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ചാരം മൂലം ശ്വാസകോശത്തിനും കണ്ണുകൾക്കും ചർമ്മത്തിനും ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രദേശവാസികൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മാസ്കുകൾ ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 1883ൽ ക്രകതാവു മലനിരയിലുണ്ടായ വമ്പൻ സ്ഫോടനത്തിന് ശേഷമുണ്ടായ ചെറു ദ്വീപാണ് അനക് ക്രകതാവു.
ഈ അഗ്നിപർവ്വതം ഇടയ്ക്കിടെ സജീവമാകാറുള്ള ഒന്നാണ്. 2018 ഡിസംബറിൽ ഈ അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ സുനാമിയിൽ 400 ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങളും 75 ശതമാനം സജീവ അഗ്നിപർവ്വതങ്ങളും സ്ഥിതി ചെയ്യുന്ന ‘പസഫിക് റിംഗ് ഓഫ് ഫയർ’ എന്ന ഭൂകമ്പ മേഖലയിലാണ് ഇന്തോനേഷ്യ നിലകൊള്ളുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

