ഡൽഹിയിലെ ജന്തർമന്തറിൽ വെച്ച് കോക്രോച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകൻ സഞ്ജയ് ആസാദ് ആക്രമിക്കപ്പെട്ട സംഭവത്തിൽ വലതുപക്ഷ കണ്ടന്റ് ക്രിയേറ്ററായ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റിലായതിന് പിന്നാലെ, തന്റെ വസതിക്ക് നേരെ കല്ലേറുണ്ടായതായി പരാതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി രംഗത്ത്.
സഞ്ജയ് ആസാദിന്റെ മകളും സാമൂഹിക പ്രവർത്തകയുമായ 14 വയസ്സുകാരിയായ പെൺകുട്ടിയാണ് തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിലാണ് തന്റെ വീടിന് ചുറ്റും ഒത്തുകൂടിയ സംഘം കല്ലുകളും ഇഷ്ടികകളും എറിഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തിയത്.
ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ് വീട് വളഞ്ഞതെന്നും ഡൽഹി, ഗാസിയാബാദ് പൊലീസുകൾ അടിയന്തരമായി തങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ‘‘എന്റെ മാതാപിതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ആര് ഉത്തരവാദിത്തം പറയും?’’ എന്ന് പെൺകുട്ടി വീഡിയോയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
പെൺകുട്ടിയുടെ സമൂഹമാധ്യമ പോസ്റ്റുകളെ തുടർന്ന് എൻഎസ്യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ ഇവരുടെ വസതി സന്ദർശിക്കുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. സഞ്ജയ് ആസാദിനെ ആക്രമിച്ച പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി പൊലീസ് ഗുരുതരമായ അലംഭാവം കാണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെട്ട ശേഷമാണ് പൊലീസ് നടപടികൾ ഊർജിതമാക്കാൻ തയ്യാറായതെന്നും ഭരണകൂടം ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർമന്തർ പ്രതിഷേധത്തിനിടയിൽ സഞ്ജയ് ആസാദിനെ ക്രൂരമായി ആക്രമിച്ച കേസിൽ 21 കാരനായ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി കോടതി ശനിയാഴ്ച ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്.
താൻ നടത്തിയ ആക്രമണത്തെക്കുറിച്ചും സഞ്ജയ് ആസാദിന്റെ തല തല്ലിപ്പൊളിച്ചതിനെക്കുറിച്ചും സ്വതന്ത്ര ഭരദ്വാജ് ഒരു പോഡ്കാസ്റ്റിൽ അഭിമാനത്തോടെ വെളിപ്പെടുത്തിയിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മണിക്കൂറുകൾക്കകം താൻ പുറത്തിറങ്ങിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
ഈ വെളിപ്പെടുത്തലുകൾ വൻ ജനരോഷത്തിന് ഇടയാക്കിയതിനെ തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്. എസ്സി/എസ്ടി നിയമപ്രകാരവും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തിയതിന് പോക്സോ (POCSO) നിയമപ്രകാരവും പുതിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

