ഓണക്കാലം മുന്നിൽക്കണ്ട് അടിമാലിയിൽ നടപ്പിലാക്കിയ പൂക്കൃഷി വിളവെടുപ്പ് വൈകിയതോടെ കർഷകർ പ്രതിസന്ധിയിൽ. അഞ്ചാംമൈൽ മുതിരപ്പുഴ പതിനാറാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐശ്വര്യ കൃഷിക്കൂട്ടം അംഗങ്ങളാണ് തങ്ങൾ വിളയിച്ചെടുത്ത പൂക്കൾക്ക് വിപണി കണ്ടെത്താനാകാതെ വിഷമിക്കുന്നത്.
ഓണത്തിന് ശേഷം പൂക്കൾ പാകമായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കർഷക സ്ത്രീകൾ. കൊന്നത്തടി കുടുംബശ്രീയുടെയും സിഡിഎസിന്റെയും മേൽനോട്ടത്തിൽ 60 സെന്റ് സ്ഥലത്ത് അഞ്ഞൂറോളം ചുവട് ഹൈബ്രിഡ് ഇനം ചെണ്ടുമല്ലികളാണ് ഇവർ കൃഷി ചെയ്തത്.
സുപ്രീം യെല്ലോ, അശോക ഓറഞ്ച് ഇനം ചെണ്ടുമല്ലികളാണ് ഇപ്പോൾ തോട്ടത്തിൽ പൂർണ്ണമായി വിളഞ്ഞു നിൽക്കുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ കഠിനാധ്വാനമാണ് ഒടുവിൽ പ്രതിസന്ധിയിലായത്.
പൂക്കൾ ആവശ്യമുള്ളവരുടെ സഹായം തേടുകയാണ് ഇപ്പോൾ ഈ കൂട്ടായ്മ. ഉഷ ഗോപകുമാർ, മിനി വാവച്ചൻ, കുമാരി സോമൻ, ലിസി കുര്യൻ, അമ്പിളി സലീലൻ എന്നിവരുടെ നേതൃത്വത്തിലാണ് ഐശ്വര്യ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
പഞ്ചായത്തിന്റെയും, കൊന്നത്തടി കൃഷിഭവന്റെയും സഹകരണത്തോടെ വർഷങ്ങളായി വാഴ, കപ്പ, പച്ചക്കറി കൃഷികളിലൂടെ മികച്ച നേട്ടം കൊയ്തിരുന്ന കൂട്ടായ്മ ആദ്യമായി പരീക്ഷിച്ച പൂക്കൃഷിയാണ് ഇത്തരത്തിൽ തിരിച്ചടിയായത്. വലിയ ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും, തങ്ങളുടെ അധ്വാനവും മുടക്കുമുതലും തിരിച്ചുപിടിക്കാൻ കുറഞ്ഞ വില ലഭിച്ചാലും പൂക്കൾ നൽകാൻ ഇവർ സന്നദ്ധരാണ്.
പൂക്കൾ ആവശ്യമുള്ളവർ 7510927885 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

