തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവായ അറുമുഖം ആണ് പൊലീസിന്റെ പിടിയിലായത്.
ഭക്ഷണത്തിന് രുചി കുറഞ്ഞതായി ആരോപിച്ച് അറുമുഖത്തിന്റെ ഭാര്യയെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ സംഭവത്തിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു ഹീന കൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്.
ഒരു വിദ്യാർത്ഥിയുടെ സഹായത്തോടുകൂടിയാണ് ഇയാൾ സാമ്പാറിൽ ചാണകപ്പൊടി ചേർത്തത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുൻപ് അധ്യാപകർ ഇത് രുചിച്ച് നോക്കി ഗുണനിലവാരം പരിശോധിക്കുന്നത് പതിവാണ്.
ഇത്തരത്തിൽ പരിശോധിച്ച വേളയിലാണ് പതിവില്ലാത്ത വിധം സാമ്പാറിന് വലിയ തോതിൽ രുചിവ്യത്യാസം അനുഭവപ്പെട്ടത്. ഭക്ഷണത്തിൽ കയ്പ് അനുഭവപ്പെട്ടതിനാൽ തന്നെ ഇത് വിദ്യാർത്ഥികൾക്ക് വിളമ്പി നൽകിയിരുന്നില്ല.
എന്നാൽ അധ്യാപകർക്കായി മാറ്റി വെച്ചിരുന്ന സാമ്പിളിൽ മാത്രമാണ് പ്രതി ചാണകപ്പൊടി കലർത്തിയിരുന്നതെന്ന് പിന്നീട് നടന്ന പൊലീസ് പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. ഓഗസ്റ്റ് 29 നാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
തുടർന്ന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സെപ്റ്റംബർ ഒന്ന് തിയതിയാണ് ഔദ്യോഗികമായി പൊലീസിൽ പരാതി സമർപ്പിക്കപ്പെട്ടത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

