തൃശൂർ ജില്ലയിൽ വീണ്ടും റോഡപകടത്തിൽ ജീവനുകൾ പൊലിയുന്നു. കയ്പമംഗലത്ത് ലോറിയിൽ കാറിടിച്ചു കയറി എട്ടുപേർ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടുംമാറും മുൻപാണ് തൃശൂരിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്.
ശനിയാഴ്ച അർധരാത്രി കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനുമാണ് മരണപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് അനിയന്ത്രിതമായി പാഞ്ഞെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു.
ഗുരുവായൂർ – കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കുന്നംകുളം ഭാഗത്തുനിന്നും കുടുംബം വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്ന സമയത്ത്, പിന്നിൽ നിന്നും അതേ ദിശയിൽ വന്ന കാർ അതിവേഗത്തിലെത്തി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ശക്തമായ ഇടിയിൽ ബൈക്കിലുണ്ടായിരുന്നവർ അൻപത് മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി അത് പൂർണ്ണമായും തകർന്നു.
തുടർന്ന് വൈദ്യുതി ലൈൻ കമ്പി പൊട്ടിവീണത് പ്രദേശത്ത് വലിയ തോതിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി മാറി. അപകടത്തിന് പിന്നാലെ കാറിലുണ്ടായ യുവാക്കൾ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പരുക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് എട്ടു പേർ മരണപ്പെട്ടിരുന്നു. ഡിണ്ടിഗൽ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ വി.വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണൻ, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജെ.ജോഷ്വ ഹിൽസൺ, എൻ.ജീവ എന്നിവരാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.
സന്തോഷ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ആഘോഷയാത്രയ്ക്കിടെയായിരുന്നു ആ ദുരന്തം. സ്വന്തം കാർ ലഭിക്കാത്തതിനെ തുടർന്ന് ഒരു മാസം മാത്രം പഴക്കമുള്ള റെന്റ്-എ-കാറിലാണ് സംഘം അന്ന് യാത്ര തിരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

