ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണി നായകനായിരുന്ന കാലത്തെ പ്രതാപം ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനുണ്ടായിരുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെ നിലവില്‍ പ്രതാപം നഷ്ടപ്പെട്ട് ഉഴലുകയാണെന്നും, തുടരെ മൂന്ന് സീസണുകളായി ടീം പ്ലേ ഓഫ് കാണാതെ പുറത്താകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃത്വത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ നായകനായ റുതുരാജ് ഗെയ്ക്വാദിന് ബാറ്റിംഗ് ഫോം കൂടി നഷ്ടമായ സാഹചര്യത്തില്‍, മികച്ച ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ള സഞ്ജു സാംസണിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സദഗോപന്‍ രമേശ് അഭിപ്രായപ്പെട്ടത്.
രാജസ്ഥാന് റോയല്‍സിനെ നയിച്ചതിന്റെ വലിയ പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിന് എംഎസ് ധോണിയെ പോലെ ടീമിനെ മികച്ച രീതിയില്‍ ലീഡ് ചെയ്യാനുള്ള കഴിവുണ്ടെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സഞ്ജുവിനെ ടീം മാനേജ്മെന്റ് ആദ്യ പരിഗണനയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് വളരെ മികച്ചതാണ്.
രാജസ്ഥാനെ 66 മത്സരങ്ങളില്‍ നയിച്ച അദ്ദേഹം 33 എണ്ണത്തിലും വിജയം നേടിയിട്ടുണ്ട്. ഏകദേശം അമ്പത് ശതമാനത്തോളം വിജയനിലവാരമാണ് അദ്ദേഹത്തിനുള്ളത്.
രാജസ്ഥാന് റോയല്‍സിനെ ഒരിക്കല്‍ ഫൈനലിലെത്തിക്കുകയും മറ്റൊരു തവണ പ്ലേ ഓഫിലെത്തിക്കുകയും ചെയ്യാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെ സിഎസ്കെയുടെ ക്യാപ്റ്റനാക്കണമെന്ന് നിര്‍ദേശിക്കുന്ന ആദ്യ വ്യക്തിയല്ല സദഗോപന്‍ രമേശ്.
മുന്‍ സിഎസ്കെ താരവും ഇന്ത്യന്‍ ബാറ്ററുമായ എസ് ബദരിനാഥും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. റുതുരാജിനെ ക്യാപ്റ്റന്റെ ചുമതലയില്‍ നിന്ന് മാറ്റി അദ്ദേഹത്തിന് ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കണമെന്നാണ് ബദരിനാഥ് ആവശ്യപ്പെട്ടത്.
ക്യാപ്റ്റന്‍സിയുടെ ഭാരം സച്ചിനെ പോലുള്ള മഹാന്മാരായ താരങ്ങളെ പോലും ബാധിച്ചിരുന്നുവെന്നും, റുതുരാജിനെ മാറ്റുന്നത് അദ്ദേഹത്തിന്റെ കരിയറിനും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

