ഇന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ടാറ്റാ സൺസിന്റെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളിൽ പുതിയ വഴിതിരിവ്. ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നുള്ള ഒരു വ്യക്തിയും ഈ പദവിയിലേക്കായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നേരത്തെ ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മലയാളി ടി.വി.നരേന്ദ്രൻ, ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ സൗരഭ് അഗ്രവാൾ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു വന്നിരുന്നത്. എന്നാൽ ഈ മത്സരത്തിലേക്ക് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) എംഡിയും സിഇഒയുമായ ആശിഷ് ചൗഹാൻ കൂടി കടന്നുവന്നത് ശ്രദ്ധേയമായിരിക്കുകയാണ്.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ ചുരുക്കപ്പട്ടിക ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കേന്ദ്രസർക്കാരിലെ ഉന്നതരുമായി ചർച്ച ചെയ്തതായാണ് വിവരം. ടാറ്റ സ്റ്റീലിന്റെ ആഗോള തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ടി.വി.നരേന്ദ്രൻ ആണ്.
അതേസമയം, 2017 മുതൽ ടാറ്റ സൺസ് ഗ്രൂപ്പ് കമ്പനികളുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണ് സൗരഭ് അഗ്രവാൾ. ആദിത്യ ബിർള ഗ്രൂപ്പിൽ നിന്ന് ടാറ്റയിലേക്ക് എത്തിയ അദ്ദേഹം ഗ്രൂപ്പ് അടുത്തിടെ നടത്തിയ വലിയ നിക്ഷേപങ്ങളുടെ ‘ഫിനാൻഷ്യൽ ആർക്കിടെക്ട് ’ കൂടിയാണ്.
സാങ്കേതികവിദ്യ, മൂലധന വിപണി, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിൽ വലിയ പരിചയസമ്പത്തുള്ളയാളാണ് ആശിഷ് ചൗഹാൻ. എൻഎസ്ഇയുടെ സ്ഥാപകരിൽ ഒരാളായ അദ്ദേഹം, മുൻപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) എംഡി ആൻഡ് സിഇഒ പദവികളും വഹിച്ചിട്ടുണ്ട്.
2022-ലാണ് അദ്ദേഹം എൻഎസ്ഇയിലേക്ക് മടങ്ങിയെത്തി എംഡി ആൻഡ് സിഇഒ ആകുന്നത്. നിലവിൽ എൻഎസ്ഇയുടെ 30,000 കോടി രൂപയുടെ ബൃഹത്തായ ഐപിഒയ്ക്ക് നേതൃത്വം നൽകുന്നത് ചൗഹാനാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നാണിത്. 5 ലക്ഷം കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന എൻഎസ്ഇ, ഐപിഒ പൂർത്തിയാക്കി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളിൽ ഒന്നായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

