കൊച്ചി മെട്രോ അങ്കമാലിയിലേക്ക് ദീർഘിപ്പിക്കുന്ന മൂന്നാം ഘട്ട പദ്ധതിക്കായുള്ള വിശദ പദ്ധതിരേഖയിൽ (ഡിപിആർ) മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന് സൂചന.
ആലുവ–എയർപോർട്ട്–അങ്കമാലി റൂട്ടിൽ തയാറാക്കിയ ഡിപിആർ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതിക്കായി സമർപ്പിച്ചു. സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കൈമാറും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തുക വിനിയോഗിക്കുന്ന പദ്ധതിയായതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയും വായ്പാ സാധ്യതകളും സർക്കാർ വിശദമായി പരിശോധിക്കുകയാണ്. പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചുവിടുന്നത് ഗുണകരമാകില്ലെന്ന് കെഎംആർഎൽ നിയോഗിച്ച കൺസൽറ്റന്റ് റിപ്പോർട്ട് നൽകിയിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ അനുമതി വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ഒഴിഞ്ഞ ഭൂമികൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് വിമാനത്താവളം വഴിയുള്ള അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്.
14 സ്റ്റേഷനുകൾ ഉൾപ്പെടുന്ന നിർദിഷ്ട പാത പദ്ധതിരേഖ പ്രകാരം ആകെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പറവൂർ കവല, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, കൊച്ചി വിമാനത്താവളം റെയിൽവേ സ്റ്റേഷൻ ജംക്ഷൻ, വിമാനത്താവളം, നായത്തോട്, എയറോസിറ്റി, അരീക്കൽ, അങ്കമാലി ടൗൺ, അങ്കമാലി കെഎസ്ആർടിസി, അങ്കമാലി നോർത്ത് എന്നിവയാണ് നിർദിഷ്ട സ്റ്റേഷനുകൾ.
പറവൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് പറവൂർ കവല സ്റ്റോപ്പ് പ്രയോജനപ്പെടും. ഭാവി വികസനവും നിർദിഷ്ട
സ്റ്റേഡിയവും കണക്കിലെടുത്താണ് അത്താണിയിൽ സ്റ്റേഷൻ ഒരുക്കുന്നത്. നായത്തോട്, അരീക്കൽ സ്റ്റേഷനുകളിൽ നിന്ന് കാലടി, മറ്റൂർ, പെരുമ്പാവൂർ മേഖലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
എംസി റോഡിൽ എൽഎഫ് ആശുപത്രി പരിസരത്തുൾപ്പെടെ രണ്ട് സ്റ്റോപ്പുകളുണ്ടാകും. ടെർമിനൽ സ്റ്റേഷനായ കോതകുളങ്ങരയിലെ അങ്കമാലി നോർത്ത് സ്റ്റോപ്പ് നിർദിഷ്ട
എറണാകുളം കുണ്ടന്നൂർ ബൈപാസിന് സമീപമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡും ബൈപാസുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്.
റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം അതേസമയം, മൂന്നാം ഘട്ടത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വിമാനത്താവളം വഴിയുള്ള അലൈൻമെന്റ് അപ്രായോഗികമാണെന്ന് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ യോഗം ചൂണ്ടിക്കാട്ടി.
കൂടുതൽ യാത്രക്കാരുള്ള ദേശീയപാത വഴി ടെൽക്, ഇൻഡസ്ട്രിയൽ ഏരിയ, ഇൻകെൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് പാത വരേണ്ടത്. വിമാനത്താവളത്തിലേക്ക് അത്താണിയിൽ നിന്ന് പ്രത്യേക ഫീഡർ ലൈൻ നിർമിക്കാമെന്നും ഭൂരിപക്ഷം യാത്രക്കാരെയും അവഗണിക്കുന്നത് കോർപറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
യോഗത്തിൽ പ്രസിഡന്റ് എൻ.വി.പോളച്ചൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡെന്നി പോൾ, ട്രഷറർ ജോഷി ജോർജ്, വൈസ് പ്രസിഡന്റുമാരായ ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ്, സെക്രട്ടറിമാരായ മനോജ് അലക്സ്, ജോബി നെല്ലിശേരി എന്നിവർ സംസാരിച്ചു.
റെയിൽവേ സ്റ്റേഷനെയും മുനിസിപ്പൽ ബസ് സ്റ്റാൻഡിനെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി റെയിൽവേ സ്റ്റേഷനോട് ചേർന്നു പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിൽ നിന്ന് 130 സ്വകാര്യ ബസുകളാണ് വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്നത്.
നിലവിലെ അലൈൻമെന്റ് മൂലം വടക്കൻ ജില്ലകളിൽ നിന്ന് ട്രെയിൻ മാർഗമെത്തുന്ന യാത്രക്കാർക്ക് മെട്രോയുടെ പ്രയോജനം നഷ്ടപ്പെടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. യോഗത്തിൽ പ്രസിഡന്റ് എ.പി.ജിബി അധ്യക്ഷനായി.
സെക്രട്ടറി ബി.ഒ.ഡേവിസ്, ടി.എസ്.സിജുകുമാർ, നവീൻ ജോൺ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

