ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. നീണ്ട
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ നിർണായക വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് ജിഎസ്എൽവി എഫ് 17 വിക്ഷേപിച്ചത്.
സെപ്റ്റംബർ 4ന് പുലർച്ചെ 4.55നായിരുന്നു വിക്ഷേപണം നടന്നത്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത്.
ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൌത്യമാണിത്. ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണിത്.
വിക്ഷേപണത്തിന്റെ ഭാഗമായി ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ മുൻദിവസം രാത്രി 11:25നാണ് ആരംഭിച്ചത്. ഇഒഎസ് 5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട
ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.
2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് ഈ പുത്തൻ പേടകം.
2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല. പകരം അതിനൽപ്പം താഴെ വച്ചാകും റോക്കറ്റും ഉപഗ്രഹവും വേർപ്പെടുക.
ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. പ്രശ്നമുണ്ടായ പിഎസ്എൽവിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധമുള്ള ഘട്ടങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.
ഈ ദൗത്യം വിജയകരമായി പൂർത്തിയായാൽ തൊട്ടുപിന്നാലെ ഗഗൻയാൻ എന്ന ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഇസ്രൊയുടെ തീരുമാനം. ഉപഗ്രഹ വികസന കേന്ദ്രമായ യുആർഎസ്സിയിൽ നിന്നുള്ള കൂട്ട
വിആർഎസ് അപേക്ഷകളടക്കം വിവിധ പ്രതിസന്ധികൾ നേരിടുന്ന ഐഎസ്ആർഒയ്ക്ക് ഈ വിക്ഷേപണ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

