തമിഴ്നാട്ടിലെ സേലത്ത് ഇഷ്ടിക വ്യാപാരിയായ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
സേലം ഓമലൂരിൽ വി.ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) ആണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് ഭൂപതിയുടെ മൃതദേഹം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കണ്ടെത്തിയത്. രാവിലെ താനും ഭർത്താവും ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് മോഷ്ടാക്കൾ കാർ തടഞ്ഞുനിർത്തി ഭൂപതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സുജിത പൊലീസിന് നൽകിയ ആദ്യ മൊഴി.
അജ്ഞാതരായ മൂന്നുപേർ കത്തി ഉപയോഗിച്ച് ഭൂപതിയെ ആക്രമിച്ചെന്നും തുടർന്ന് തന്റെ ശരീരത്തിലുണ്ടായിരുന്ന 12 പവന്റെ ആഭരണങ്ങൾ കവർന്ന ശേഷം കടന്നുകളഞ്ഞു എന്നുമാണ് സുജിത മൊഴി നൽകിയതെന്ന് ഓമലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം വ്യക്തമാക്കിയിരുന്നത്.
എന്നാൽ, സംഭവത്തെ തുടർന്ന് ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്കളും സുജിതയുടെ മൊഴിയിൽ തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു.
ഭൂപതിയും സുജിതയും തമ്മിൽ സ്ഥിരമായി വഴക്കുകൾ പതിവായിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി സുജിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്ന വിവരം പുറത്തുവരുന്നത്.
സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ വലിയ തർക്കമുണ്ടായി. ഇതിനിടയിൽ സുജിത ഭൂപതിയെ തള്ളി താഴെയിടുകയായിരുന്നു.
തലയിടിച്ച് വീണതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഭൂപതി ബോധരഹിതനായി. തുടർന്ന് സുജിത ഉടൻ തന്നെ സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിലൈറ്റി ആറ്റുകാർന്നൂരിലെത്തിച്ച് കവർച്ചാ നാടകം ആസൂത്രണം ചെയ്ത് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. കൊലപാതകത്തിൽ ഇവരുടെ 13കാരനായ മകനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
കേസിൽ സുജിതയെയും സന്തോഷിനെയും പൊലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

