വയനാട് ജില്ലയിലെ ഇരുളത്ത് മാവേലി സ്റ്റോറിൽ താൽക്കാലിക നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരിയെ ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് കാരണമായി. കേണിച്ചിറയിലെ മാവേലി സ്റ്റോറിൽ താൽക്കാലിക ജോലിക്കാരിയായി നിയമനം ലഭിച്ച തൂത്തിലേരി സ്വദേശിയായ യുവതിയെയാണ് ബുധൻ രാവിലെ ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞത്.
ഇതിനെതിരെ യുഡിഎഫ് പ്രവർത്തകരും രംഗത്തുവന്നതോടെ മാവേലി സ്റ്റോർ പരിസരം ഏറെനേരം സംഘർഷഭരിതമായി മാറി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് കേണിച്ചിറയിൽനിന്നും പൊലീസ് സ്ഥലത്തെത്തുകയും ഇരുകൂട്ടരെയും അനുനയത്തിലൂടെ നീക്കം ചെയ്യുകയും ചെയ്തു.
തുടർന്ന് പൊലീസ് നടത്തിയ ചർച്ചയ്ക്കൊടുവിൽ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സ്ഥാപനത്തിൽ പത്ത് വർഷമായി ജോലി ചെയ്തിരുന്ന രണ്ടുപേർക്ക് പുറമെയാണ് കേണിച്ചിറയിൽ നിന്നും പുതിയതായി ഒരാളെക്കൂടി നിയമിച്ചത്.
മുൻ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച താൽക്കാലിക ജീവനക്കാരെ മാറ്റുന്നതും പിരിച്ചുവിടുന്നതുമായ നടപടികൾ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. വിവിധ പാർട്ടികളുടെ താൽപ്പര്യപ്രകാരമുള്ള വ്യക്തികളെയാണ് പല സ്ഥാപനങ്ങളിലും താൽക്കാലികക്കാരായി നിയമിക്കുന്നതെന്നും, അതുവരെ ജോലിയിലുണ്ടായിരുന്നവരെ ഒഴിവാക്കിയ ശേഷമാണ് പുതിയ നിയമനങ്ങൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
എങ്കിലും, നിലവിൽ ജോലി ചെയ്തിരുന്നവരെ അന്യായമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ നിയമപരമായ നടപടികളുമായി കോടതിയെ സമീപിക്കുമെന്ന് ഇടത് പ്രവർത്തകർ വ്യക്തമാക്കുന്നു. എന്നാൽ, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലുടനീളം ഇടതുമുന്നണി നടത്തിയ പിൻവാതിൽ നിയമനങ്ങൾ മറക്കരുതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ മറുപടി.
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഒഴിവാക്കി എല്ലാ നിയമനങ്ങളും പിഎസ്സി വഴിമാത്രമാക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

