ഓട്ടോമൊബൈൽ വിപണിയിൽ പുതിയ ചുവടുവെപ്പുമായി പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായി വീണ്ടുമൊരു മിഡ്സൈസ് എസ്യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരാനിരിക്കുന്ന പുതിയ എസ്യുവിയുടെ പരീക്ഷണ വാഹനത്തെ അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ വീണ്ടും കണ്ടെത്തി.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി രാജ്യത്തുടനീളം വിപുലമായ പരീക്ഷണയോട്ടങ്ങളാണ് കമ്പനി നടത്തിവരുന്നത്. വരാനിരിക്കുന്ന വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
പ്രത്യേകത അതിലെ കാമഫ്ലാഷ് രൂപകൽപ്പനയാണ്. ‘ബ്രിങ് ഇറ്റ് ഓൺ’ എന്ന സന്ദേശത്തോടൊപ്പം കമ്പാനിയൻ, എക്സ്പ്രഷൻ, ട്രാൻസ്ഫോം, ഇൻസ്പിരേഷൻ, ഇന്നൊവേഷൻ, ആംബിഷൻ, റിഫ്ലെക്ഷൻ തുടങ്ങിയ വാക്കുകളും വാഹനത്തിൽ പതിപ്പിച്ചിട്ടുണ്ട്.
ഹ്യുണ്ടായി ബയോണിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ പുതിയ ഹ്യുണ്ടായി എസ്യുവി ആഗോള വിപണിയിൽ വിൽക്കുന്ന ഹ്യുണ്ടായി ബയോൺ കോംപാക്ട് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോഴും ബയോൺ എന്ന പേര് തന്നെ നിലനിർത്താൻ സാധ്യതയുണ്ട്.
പരീക്ഷണ വാഹനത്തിൽ കാമഫ്ലാഷ് നൽകിയിരിക്കുന്നതിനാൽ ഡിസൈനിന്റെ ഭൂരിഭാഗം വിശദാംശങ്ങളും നിലവിൽ വ്യക്തമല്ല. എങ്കിലും വാഹനത്തിന്റെ ഉയർന്നുനിൽക്കുന്ന രൂപകൽപ്പന, വലിപ്പമേറിയ വീൽ ആർച്ചുകൾ, ഫ്ലാറ്റ് റൂഫ്, പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
വീൽ ആർച്ചുകളിൽ കട്ടിയുള്ള ക്ലാഡിങ്, അലോയ് വീലുകൾ, നേരായ രീതിയിലുള്ള പിൻ വിൻഡ്ഷീൽഡ് എന്നിവയും വാഹനത്തിലുണ്ട്. പിൻഭാഗത്ത് തിരശ്ചീനമായി നീളുന്ന ലൈറ്റിങ് ഘടകമുള്ള ടെയിൽഗേറ്റും ഈ പുതിയ എസ്യുവിയിൽ കമ്പനി നൽകിയിരിക്കുന്നു.
വലിയ സ്ക്രീനും എഡിഎഎസും വാഹനത്തിന്റെ ഇന്റീരിയറിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ്. ഹ്യുണ്ടായിയുടെ സിഗ്നേച്ചർ നാല് ഡോട്ട് അടയാളമുള്ള സ്റ്റിയറിങ് വീലും വാഹനത്തിലുണ്ടാകും.
ഇതിനുപുറമേ ലെതറെറ്റ് സീറ്റുകൾ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയും ലഭിച്ചേക്കുമെന്ന് കരുതുന്നു. ഒപ്പം സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എഡിഎഎസ് തുടങ്ങിയ ആധുനിക സവിശേഷതകളും ഈ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളായേക്കാം.
പെട്രോൾ, സിഎൻജി ഓപ്ഷനുകൾ പുതിയ ഹ്യുണ്ടായി എസ്യുവിയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ നൽകാൻ സാധ്യതയുണ്ട്. നിലവിൽ ക്രെറ്റയിൽ ഉപയോഗിക്കുന്ന എൻജിൻ തന്നെയായിരിക്കും പുതിയ മോഡലിലും എത്തുകയെന്നാണ് സൂചനകൾ ലഭിക്കുന്നത്.
ഇതിനുപുറമെ ഉപഭോക്താക്കൾക്കായി സിഎൻജി പതിപ്പും ലഭ്യമായേക്കും. വാഹനത്തിന്റെ അടിഭാഗത്ത് സിഎൻജി ടാങ്ക് സ്ഥാപിക്കുന്ന രീതിയായിരിക്കും ഇതിനായി ഉപയോഗിക്കുക.
ഇതുവഴി ബൂട്ട് സ്പേസ് പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ഈ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.
2027 മാർച്ചോടെ പുതിയ ഹ്യുണ്ടായി ഇലക്ട്രിക് എസ്യുവി ബയോണിനെ അടിസ്ഥാനമാക്കിയുള്ള പുതിയ എസ്യുവിക്ക് പിന്നാലെ മറ്റൊരു കോംപാക്ട് ഇലക്ട്രിക് എസ്യുവിയുമായും ഹ്യുണ്ടായി വിപണിയിലേക്ക് എത്തുന്നുണ്ട്. ഇ-ജിഎംപി (കെ) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ ഇലക്ട്രിക് മോഡൽ 2027 മാർച്ചോടെ വിപണിയിലെത്തുമെന്ന് ഹ്യുണ്ടായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഹ്യുണ്ടായിയുടെ നിർമാണശാലയായിരിക്കും പുതിയ പ്രാദേശികമായി വികസിപ്പിക്കുന്ന ഇലക്ട്രിക് എസ്യുവിയുടെ പ്രധാന ഉൽപ്പാദന കേന്ദ്രം. വിപണിയിൽ ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഇവി തുടങ്ങിയ പ്രമുഖ മോഡലുകളുമായാണ് പുതിയ ഹ്യുണ്ടായി ഇലക്ട്രിക് എസ്യുവി മാറ്റുരയ്ക്കുന്നത്.
അതേസമയം, വരാനിരിക്കുന്ന മിഡ്സൈസ് എസ്യുവി വാഹനം ദീപാവലി 2026നോട് അനുബന്ധിച്ച് വിപണിയിലെത്തുമെന്നാണ് നിലവിലെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

