ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിന്നും പിന്മാറി ഉപരോധങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അമേരിക്കൻ തീരുമാനവും, രാജ്യത്ത് പലിശനിരക്ക് വർധന സംബന്ധിച്ച ആശങ്കകൾ ഒഴിയുന്നുവെന്ന സൂചനകളും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അൽപ്പം കുറഞ്ഞതും, ഏഷ്യൻ-അമേരിക്കൻ വിപണികൾ നേട്ടത്തിലേക്ക് തിരിഞ്ഞതും നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ, വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വീണ്ടും സജീവമായി പണം നിക്ഷേപിച്ചു തുടങ്ങിയതും ശുഭസൂചകമാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെത്തുടർന്ന് തിരിച്ചടി നേരിട്ട
പ്രമുഖ ആഭരണ, സ്വർണപ്പണയ കമ്പനികളുടെ ഓഹരികൾ ഇന്നലെ വിപണിയിൽ തിരിച്ചുഞെരുക്കം നടത്തി. മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില 2.97 ശതമാനം വരെ ഉയർന്നപ്പോൾ, തങ്കമയിൽ, പിസി ജ്വല്ലർ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാനെതിരെ നേരിട്ടുള്ള സൈനികാക്രമണത്തിന് പകരം സാമ്പത്തിക ഉപരോധം കടുപ്പിക്കാനാണ് യു.എസ് നീക്കം. വൈകാതെ അമേരിക്കയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഷയം ചർച്ച ചെയ്യും.
ഇന്ത്യയെയും ചൈനയെയും ഇറാനുമായിട്ടുള്ള വ്യാപാര ബന്ധങ്ങളിൽ നിന്നും അകറ്റാനാണ് വാഷിങ്ടൺ ലക്ഷ്യമിടുന്നത്. കിർഗിസ്ഥാനിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായാണ് കൂടിക്കാഴ്ച നടത്തിയതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്.
ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ വ്യാപാരക്കരാറുകൾ ഒന്നും തന്നെയില്ലെന്നാണ് കരുതുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുകയുണ്ടായി. ഇറാനെ ഏതെങ്കിലും രാഷ്ട്രങ്ങൾ സഹായിച്ചാൽ കടുത്ത ഉപരോധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഇറാനിൽ നിന്ന് മാറി നിൽക്ക്” എന്നാണ് ഇറാന്റെ സുഹൃദ് രാജ്യങ്ങളോട് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ആവശ്യപ്പെട്ടത്. ഇതിനിടയിൽ, ഇറാന്റെ സൈനിക ശക്തി ക്ഷയിച്ചെന്നും സംഘർഷം അധികനാൾ നീണ്ടുനിൽക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടത് എണ്ണവിലയിൽ നേരിയ ആശ്വാസത്തിന് കാരണമായി.
ഫെഡറൽ റിസർവിൽ നിന്നും പലിശഭാരം പെട്ടെന്ന് വർധിക്കില്ലെന്ന സൂചനകൾ പുറത്തുവന്നതും ആഗോള വിപണികൾക്ക് കരുത്തായി. ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 96 ഡോളറിൽ നിന്ന് 95 ഡോളറായി കുറഞ്ഞു.
യു.എസ് ക്രൂഡ് വില 92 ഡോളറിൽ നിന്ന് 91 ഡോളറിലേക്കും താഴ്ന്നു. എണ്ണവിലയിലെ ഇടിവും പലിശനിരക്ക് സംബന്ധിച്ച ആശങ്കകൾ അകന്നതും ഇന്ത്യൻ വിപണിക്ക് ഇന്ന് മികച്ച തുടക്കം ലഭിക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഗിഫ്റ്റ് നിഫ്റ്റി 120 പോയിന്റിലധികം മുന്നേറിയത് ഇതിന്റെ തെളിവാണ്. അമേരിക്കൻ ബോണ്ട് യീൽഡിലുണ്ടായ കുതിച്ചുചാട്ടത്തിന് പണപ്പെരുപ്പവുമായി ബന്ധമില്ലെന്നും, യു.എസ് സമ്പദ്വ്യവസ്ഥയുടെ കരുത്താണ് ഇതിന് കാരണമെന്നും യു.എസ് ഫെഡറൽ റിസർവ് ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസ് വ്യക്തമാക്കിയത് വിപണിക്ക് കൂടുതൽ അനുകൂലമായി.
ഡോളർ മൂല്യത്തിലുണ്ടായ ഇടിവ് സ്വർണവിലയിലും വലിയ തിരിച്ചുവരവിന് വഴിയൊരുക്കി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 70 ഡോളറോളം ഉയർന്ന് 4418 ഡോളറിലെത്തി.
ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. അതേസമയം, യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന ട്രംപിന്റെ വാക്കുകളിൽ പൂർണ്ണമായ ഉറപ്പില്ലാത്തതിനാൽ നിക്ഷേപകർ ജാഗ്രതയിലാണ്.
കുവൈത്ത് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ മുന്നറിയിപ്പുകളും ആശങ്കകൾ നിലനിർത്തുന്നുണ്ട്. പലിശപ്പേടി ഒഴിഞ്ഞതോടെ അമേരിക്കൻ വിപണികൾ ഇന്നലെ മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡൗ ജോൺസ് 300 പോയിന്റും (+0.56%) നാസ്ഡാക് 0.45 ശതമാനവും എസ് ആൻഡ് പി 500 സൂചിക 0.46 ശതമാനവും ഉയർന്നു. ഏഷ്യൻ വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി.
ജപ്പാന്റെ നിക്കേയ് 0.20 ശതമാനവും, ദക്ഷിണ കൊറിയയുടെ കോസ്പി 1.20 ശതമാനവും, ഷാങ്ഹായ് 0.53 ശതമാനവും, ഹോങ്കോങ് വിപണി 0.38 ശതമാനവും നേട്ടമുണ്ടാക്കി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഇന്നലെ ഒറ്റ ദിവസം കൊണ്ട് 6600 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
വിദേശ നിക്ഷേപകരുടെ ഈ തിരിച്ചുവരവ് ഇന്ത്യൻ വിപണിക്ക് വൻ ആശ്വാസമാണ് നൽകുന്നത്. ക്രൂഡ് ഓയിൽ വിലക്കയറ്റം കാരണം ഡോളറിന് ആവശ്യക്കാരുള്ളതിനാൽ രൂപ ഇപ്പോഴും സമ്മർദ്ദത്തിലാണ്.
എങ്കിലും റിസർവ് ബാങ്കിന്റെ വിപണിയിലെ ഇടപെടലുകളാണ് രൂപയെ വൻ തകർച്ചയിൽ നിന്ന് സംരക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

