കൊട്ടാരക്കര പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ കാര്‍ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് ഇടപെട്ട് സഹായമൊരുക്കി മന്ത്രി അനൂപ് ജേക്കബ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ എം.സി റോഡിലായിരുന്നു സംഭവം.
പനവേലിക്കു സമീപം നിയന്ത്രണംവിട്ട ലോറിയുടെ ഇടിയേറ്റ് ടെമ്പോ ട്രാവലര്‍ കാറില്‍ വന്നിടിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് സദാനന്ദപുരം കെ.ടി.ഡി.സി. ഓഫിസിലേയ്ക്ക് പോവുകയായിരുന്ന കലാ ചന്ദ്രശേഖരന് (55) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
ആ സമയം അതുവഴി കടന്നുപോയ മന്ത്രി, സംഭവം ശ്രദ്ധയില്‍പെട്ടതോടെ തന്റെ ഔദ്യോഗിക വാഹനം നിര്‍ത്തി പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി പൈലറ്റ് വാഹനത്തിലുള്ള പൊലീസുകാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന്, പരുക്കേറ്റ കലാ ചന്ദ്രശേഖരനെ വിജയാസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്റ്റിയറിങ് വീലില്‍ അമര്‍ന്നുപോയ ഇവര്‍ക്കു സാരമായി പരുക്കുള്ളതിനാല്‍ വൈകിട്ടോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. കാറില്‍ ഒപ്പമുണ്ടായിരുന്ന കെ.റ്റി.ഡി.സിയിലെ തന്നെ രാജഗോപാല്‍ എന്ന ജീവനക്കാരനു പരുക്കില്ല.
പരുക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത പൈലറ്റ് വാഹനത്തെ അവിടെ നിര്‍ത്തിയശേഷമാണു മന്ത്രി യാത്ര തുടര്‍ന്നത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ ഈ മാതൃകാപരമായ ഇടപെടല്‍.
എം.സി റോഡിലെ പനവേലി പോലുള്ള തിരക്കേറിയ ഭാഗങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും നിരന്തരം ശ്രമിച്ചുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

