ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചരിത്രപരമായ ഇന്ത്യ – ബ്രസീൽ മത്സരത്തിന്റെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിലാണ് വിറ്റഴിഞ്ഞത്. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വെച്ചാണ് ഈ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി മിനിറ്റുകൾക്കകം തന്നെ തീർന്നു. 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള നോൺ-പ്രീമിയം ടിക്കറ്റുകൾ വെറും 20 മിനിറ്റിനുള്ളിൽ വിറ്റഴിഞ്ഞു.
ഇതിനുപുറമെ, 10,000 രൂപ മുതൽ 15,000 രൂപ വരെ വിലവരുന്ന പ്രീമിയം ടിക്കറ്റുകൾ സ്വന്തമാക്കാനും കടുത്ത മത്സരമാണ് ഫുട്ബോൾ ആരാധകർക്കിടയിൽ ഉണ്ടായത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ സീനിയർ പുരുഷ ഫുട്ബോൾ ടീം ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ പന്ത് തട്ടാനെത്തുന്നത്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് തുടങ്ങിയ ലോകപ്രശസ്ത താരങ്ങളും പരിശീലകൻ കാർലോ ആഞ്ചലോട്ടിയും അടങ്ങുന്ന ശക്തമായ നിര തന്നെയാകും ഇന്ത്യയിലേക്ക് എത്തുകയെന്ന് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. 85,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സാൾട്ട് ലേക്ക് സ്റ്റേഡിയം മത്സരദിവസം പൂർണ്ണമായും നിറയും എന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളുടെ ഭാഗമായാണ് ഇന്ത്യ, ബ്രസീൽ, പനാമ, ഉറുഗ്വേ തുടങ്ങിയ പ്രമുഖ ടീമുകളുമായി ഏറ്റുമുട്ടുന്നത്. പരിശീലകൻ ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന 26 അംഗ ഇന്ത്യൻ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുർപ്രീത് സിങ് സന്ധു, അനിരുദ്ധ് ഥാപ്പ, മലയാളി താരം സഹൽ അബ്ദുൽ സമദ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്ത്യൻ സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. ഒക്ടോബർ 3-ലെ ബ്രസീലിനെതിരായ പോരാട്ടത്തിന് ശേഷം, ഒക്ടോബർ 6-ന് ഇതേ സ്റ്റേഡിയത്തിൽ വെച്ച് മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരെയും ഇന്ത്യൻ ടീം മത്സരത്തിനിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

