സമസ്ത കാന്തപുരം വിഭാഗത്തിന് കീഴിലുള്ള കേരള മുസ്ലിം ജമാഅത്ത് ആണ് പുതിയ വിവാദത്തിൽ ഔദ്യോഗികമായി രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അടിയന്തരമായി പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തെയും വിവിധ സംഭവങ്ങളെയും തെറ്റായി മനസ്സിലാക്കി, അവയുടെ യഥാർത്ഥ സന്ദർഭം പോലും പരിഗണിക്കാതെ പരസ്യമായി പ്രസ്താവനകൾ നടത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് യോജിച്ചതല്ലെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു.
കാന്തപുരത്തിന്റെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തന്റെ നിലപാട് പരസ്യമാക്കിയിരുന്നു. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് തികച്ചും അപരിചിതമാണെന്നും, അത്തരം പരാമർശങ്ങളോട് ശക്തമായ എതിർപ്പാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രസ്തുത പരാമർശങ്ങൾ ഇസ്ലാമിക മതത്തെ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. യുഡിഎഫ്, എൽഡിഎഫ് മുന്നണികളിലെ മറ്റ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വീകരിച്ചത് തീർത്തും 19-ാം നൂറ്റാണ്ടിലെ നിലപാടാണെന്നായിരുന്നു വി ഡി സതീശൻ വിമർശിച്ചത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നബിദിന റാലിയുടെ ഭാഗമായി വിവിധയിടങ്ങളിൽ രൂപംകൊണ്ട ആൾക്കൂട്ടത്തിൽ സ്ത്രീ സാന്നിധ്യം പ്രകടമായതാണ് കാന്തപുരത്തെയും പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീകളെ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന തരത്തിലുള്ള വിവാദ പരാമർശങ്ങൾ കാന്തപുരം നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക സർക്കുലറിൽ ഉൾപ്പെട്ടിരുന്നു. അതേസമയം, ഈ സ്ത്രീവിരുദ്ധ സർക്കുലർ വിവാദത്തിൽ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കാന്തപുരത്തെ നേരിട്ട് തള്ളിക്കളയാത്ത നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ മറുവശത്ത്, സിപിഎം നേതാക്കളായ പി കെ ശ്രീമതിയുടെയും പി ജയരാജൻന്റെയും നിലപാടുകളെ തള്ളിപ്പിടിച്ചുകൊണ്ട് ടി കെ ഹംസയും കെടി ജലീലും പരസ്യമായി കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവരികയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

