കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തൊട്ട് അങ്കമാലിയിലേക്ക് നീളുന്ന വിമാനത്താവളം, റെയിൽവേ, മെട്രോ, ദേശീയപാത എന്നിവയെ ഒന്നിച്ചു ചേർക്കുന്ന ബഹുമുഖ ഗതാഗത ശൃംഖലയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തെ കേന്ദ്രീകരിച്ച് ആലുവ മുതൽ അങ്കമാലി കരിയംപറമ്പ് വരെ 17.5 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്നതിനുള്ള വിശദ പദ്ധതിരേഖയാണ് കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.
വിമാനത്താവളത്തിൽ ഉൾപ്പെടെ 15 സ്റ്റേഷനുകളാണ് മൂന്നാം ഘട്ട പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിലെ രാജ്യാന്തര-ആഭ്യന്തര ടെർമിനലുകൾക്കിടയിൽ താജ് ഹോട്ടലിനു മുന്നിലുള്ള സിയാലിന്റെ 20 സെന്റ് ഭൂമിയിലാണ് പ്രധാന മെട്രോ സ്റ്റേഷനു സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടെത്താൻ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഉണ്ടാകും.
മറ്റൊരു പ്രധാന സ്റ്റേഷൻ നിലവിൽ നിർമാണം നടക്കുന്ന റെയിൽവേയുടെ നെടുമ്പാശേരി സ്റ്റേഷനു സമീപമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് ലിഫ്റ്റുകൾ, പെഡസ്ട്രിയൻ ഓവർപാസ് സൗകര്യങ്ങൾ വഴി എളുപ്പത്തിൽ മെട്രോയിലേക്കും അതുവഴി വിമാനത്താവള സ്റ്റേഷനിലുമെത്താം.
അതേസമയം, നിർമാണച്ചെലവും ഭൂമി ഏറ്റെടുക്കൽ തുകയും വർധിപ്പിക്കുമെന്നതിനാൽ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല. മൂന്നാം ഘട്ടത്തിൽ നെടുമ്പാശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നത് കൂടി പരിഗണിച്ച് അങ്കമാലി റെയിൽവേ സ്റ്റേഷൻ അലൈൻമെന്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ആലുവയിൽ നിന്ന് ദേശീയപാത 544 വഴി കരിയാട് വരെ എലവേറ്റഡ് പാതയായാണ് മെട്രോ നിർമിക്കുന്നത്. വിമാനത്താവള മേഖലയിൽ 3 കിലോമീറ്റർ ഭൂഗർഭ പാത പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനായി 2000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരും.
അതിനാൽ ഈ ഭാഗത്തും എലവേറ്റഡ് രീതി തന്നെയാണ് ശുപാർശയിലുള്ളത്. ആലുവയിൽ നിന്ന് തോട്ടക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംക്ഷൻ, എൽഎഫ് ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കൊതകുളങ്ങര, കരായാംപറമ്പ് എന്നിങ്ങനെയാണ് 15 സ്റ്റേഷനുകൾ.
ഇത് ദേശീയപാതയിലെയും അങ്കമാലി, അത്താണി, നെടുമ്പാശേരി മേഖലകളിലെയും കടുത്ത ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നും കരുതുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി മെട്രോയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ‘എയർപോർട്ട് ചെക്ക്-ഇൻ’ സൗകര്യം ഏർപ്പെടുത്തും.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ളതാണ് ഒന്നാം ഘട്ടം. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കലൂർ–കാക്കനാട് പാത രണ്ടാം ഘട്ടവും.
രണ്ടാം ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി മൂന്നാം ഘട്ടത്തിലെ എല്ലാ സ്റ്റേഷനുകളിലും വിശാലമായ പാർക്കിങ് സൗകര്യവും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഘട്ട
വികസന പദ്ധതിക്ക് 7,000–8,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ അംഗീകരിച്ചു കഴിഞ്ഞാൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരത്തിന് പദ്ധതി സമർപ്പിക്കണം.
അനുമതി ലഭിച്ചാൽ 2027ൽ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാനും 2031ഓടെ നിർമാണം പൂർത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയ്ക്ക് 2025-26 സാമ്പത്തിക വർഷത്തിൽ 53 കോടി രൂപ പ്രവർത്തനലാഭമുണ്ടായി.
പ്രതിദിനം യാത്ര ചെയ്യുന്നത് 1.25 ലക്ഷം പേർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

