മദ്യലഹരിയിൽ എത്തുന്നവരെ ട്രെയിനുകളിൽ നിന്നോ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നോ പുറത്താക്കാൻ ജീവനക്കാർക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. റെയിൽവേ നിയമത്തിലെ 145 (എ) വകുപ്പ് യാത്രക്കാരുടെ സുരക്ഷയും പൊതുക്രമവും നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരത്തിലുള്ള നിയമവ്യവസ്ഥ നിലവിലില്ലെങ്കിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൂർണ്ണമായ അരാജകത്വം ഉടലെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഏകപക്ഷീയമായ നടപടികൾ ഉണ്ടാകുന്നത് തടയാൻ റെയിൽവേ മന്ത്രാലയം 2023 സെപ്റ്റംബർ 14-ന് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ നിയമപരമായ രീതിയിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി ഹർജി തള്ളി. റെയിൽവേ നിയമത്തിലെ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയും ടൂർ ആൻഡ് ട്രാവൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ കെ.എൻ.ശാസ്ത്രി ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്ന് റെയിൽവേ അധികൃതർ കോടതിയെ അറിയിച്ചു. ട്രെയിനുകളിൽ നിന്ന് വീണുണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും യാത്രക്കാർ മദ്യലഹരിയിലായിരിക്കുമ്പോഴാണ് സംഭവിക്കുന്നത്.
ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്നും റെയിൽവേ വിശദീകരിച്ചു. ഒരാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ആദ്യം ബ്രെത്തലൈസർ ഉപയോഗിച്ച് പരിശോധിക്കുമെന്നും, തുടർന്ന് കൃത്യമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ക്രിമിനൽ നടപടികൾ ആരംഭിക്കുകയുള്ളൂ എന്നും റെയിൽവേ കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

