ഓസ്ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ഹസി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് കോച്ച് ആകാനുള്ള അവസരം ഒഴിവാക്കി. ഇംഗ്ലണ്ടിന്റെ വാഗ്ദാനം തള്ളിക്കൊണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റ് സ്ഥാനം ഏറ്റെടുക്കാനാണ് അമ്പത്തൊന്നുക്കാരനായ ഹസി തീരുമാനിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയന്‍ ടീമിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ സുപ്രധാന തീരുമാനം. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പരിശീലക സംഘത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് മുഖ്യ പരിശീലകനുമായി ഹസി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഒടുവില്‍ മാതൃരാജ്യത്ത് തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഈ പിന്മാറ്റം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് തിരിച്ചടിയായിട്ടുണ്ട്. സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് ഹസിയെയാണ് ഇംഗ്ലണ്ട് പ്രധാനമായും പരിഗണിച്ചിരുന്നത്.
നിലവില്‍ പാകിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ടീമിന്റെ താല്‍ക്കാലിക ബാറ്റിങ് കോച്ചായി സേവനം അനുഷ്ഠിക്കുന്ന മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രെസ്കോത്തിക് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാല്‍ അദ്ദേഹത്തെത്തന്നെ ഈ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചേക്കും.
അതേസമയം, 2027-ലെ ആഷസിന് മുന്നോടിയായുള്ള കടുത്ത മത്സരക്രമങ്ങള്ക്കാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. പാകിസ്ഥാനെതിരെയുള്ള നിലവിലെ ടെസ്റ്റ് പരമ്പര അവര്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
എങ്കിലും ആഷസിന് മുമ്പ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ടീമിന് പര്യടനങ്ങളുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ വെല്‍ഷ് ഫയറിന്റെയും കൂടെയുള്ള ചുമതലകള്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തനങ്ങളും തുടരാന്‍ ഓസ്ട്രേലിയയില്‍ തുടരാനുള്ള തീരുമാനം ഹസിക്ക് സഹായകരമാകും.
ഈ വര്‍ഷം വെല്‍ഷ് ഫയറിന്റെ ഹെഡ് കോച്ചായി പ്രവര്‍ത്തിച്ച അദ്ദേഹം സിഎസ്കെയുടെ ബാറ്റിങ് കോച്ചായും തിളങ്ങിയിട്ടുണ്ട്. മറുവശത്ത്, ആഷസ് പോരാട്ടം പടിവാതിൽക്കൽ എത്തിനില്‍ക്കെ ഹസി സ്വന്തം രാജ്യത്തിന്റെ കണ്‍സള്‍ട്ടന്റ് പദവിയിലെത്തുന്നത് ഓസ്ട്രേലിയക്ക് വലിയ മുതല്‍ക്കൂട്ടാകും.
കരിയറില്‍ 79 ടെസ്റ്റുകളും 185 ഏകദിനങ്ങളും 38 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹസി, ടെസ്റ്റില്‍ 51.52 ശരാശരിയില്‍ 6,235 റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള പ്രമുഖ താരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

