ആമ്പല്ലൂർ ∙ ദേശീയപാതയിൽ അടിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡ് തകർന്ന് തരിപ്പണമായി. കുഴികൾ രൂപപ്പെട്ട് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായ നിലയിലാണ് ഈ പാത.
തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ ആശ്രയിക്കുന്ന സർവീസ് റോഡിലാണ് യാത്രാദുരിതം രൂക്ഷമായിരിക്കുന്നത്. റോഡിലെ കുഴികൾ വലുതാവുകയും അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ റോഡിൽ മെറ്റലും പാറപ്പൊടിയും നിരത്തിയിട്ടുണ്ട്.
എന്നാൽ ഇത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഈ ഭാഗം കനത്ത ചെളിക്കുളമായി മാറുന്നതും, വെയിൽ ഉദിക്കുമ്പോൾ രൂക്ഷമായ പൊടിശല്യം അനുഭവപ്പെടുന്നതും പതിവാണ്.
മെറ്റൽ നിറഞ്ഞ പാതയിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നത് നിത്യസംഭവമായിട്ടുണ്ട്. കൂടാതെ, വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ തെറിച്ച് കാൽനടയാത്രക്കാരുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയും ദേഹത്തേക്ക് വീഴുന്നതായും പരാതിയുണ്ട്.
സമീപത്തെ കടകളെല്ലാം കനത്ത പൊടിപടലത്താൽ മൂടിയ അവസ്ഥയിലാണ്. റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികരുടെയും ബസ് യാത്രക്കാരുടെയും അവസ്ഥയും വ്യത്യാസമില്ലാത്തതാണ്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ മുന്നിലെ കാഴ്ച പോലും പൂർണ്ണമായി മറയ്ക്കുന്നുണ്ട്. അടിയന്തരമായി റോഡ് നവീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

