കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ഒലവക്കോട് – താണാവ് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിലവിലുള്ള യാത്രാനിയന്ത്രണങ്ങൾ തുടരുമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഔദ്യോഗികമായി അറിയിച്ചു. ഓണം അവധിക്ക് ശേഷമുള്ള കനത്ത യാത്രാതിരക്ക് കൂടി കണക്കിലെടുത്താണ് കർശന സുരക്ഷാ ക്രമീകരണങ്ങളും മാറ്റങ്ങളും നടപ്പിലാക്കിയിരിക്കുന്നത്.
പുതിയപാലം, ചുണ്ണാമ്പുതറ വഴി ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഇനി മുതൽ ഒലവക്കോട് ജംക്ഷനിൽ നിന്നും പഴയ റെയിൽവേ സ്റ്റേഷൻ റോഡ് വഴി തന്നെ യാത്ര തുടരണം. പ്രദേശത്തെ പഴയ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നും വാഹനങ്ങൾക്ക് വലത്തേക്ക് തിരിയുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പുതിയ റോഡ് അതുപോലെ പഴയ റോഡ് എന്നിവയിലൂടെയെത്തുന്ന വാഹനങ്ങൾ നേരെ മുന്നോട്ട് പോയി ഇടത്തേക്ക് തിരിഞ്ഞ ശേഷം, മുൻപോട്ട് സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്. ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാനാണ് ഈ ക്രമീകരണം.
താണാവ് ജംക്ഷനിൽ നിന്നും ഒലവക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്കായി റോഡിന്റെ നധ്യഭാഗത്ത് കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ അതത് ലൈനുകളിൽ മാത്രം സഞ്ചരിക്കേണ്ടതും യാതൊരു കാരണവശാലും ഓവർടേക്കിങ് അനുവദനീയമല്ലാത്തതുമാണ്.
ഗതാഗത നിരീക്ഷണത്തിനായി ഈ പ്രദേശങ്ങളിൽ ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ ബസുകൾ നിർത്തുവാൻ പാടുള്ളൂ എന്നും, അല്ലാത്തപക്ഷം കർശന പിഴ ഈടാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ യാത്രാപരിഷ്കാരവുമായി ബന്ധപ്പെട്ട് കൂടുതൽ വിലയിരുത്തലുകളും പരിശോധനകളും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ നിലവിലെ ക്രമീകരണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

