നെയ്യാറ്റിൻകരയിലെ പ്രമേയമായ സമാധി വിവാദത്തിൽ നിർണായക വഴിത്തിരിവ്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശിയായ മണിയന് എന്ന ഗോപന് സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് കോടതിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
ഗോപന്റെ വിയോഗം കൊലപാതകമോ യഥാർത്ഥ സമാധിയോ അല്ലെന്ന വ്യക്തതയോടെയാണ് അന്വേഷണ സംഘം കേസ് അവസപ്പിച്ചിരിക്കുന്നത്. സ്വാഭാവിക മരണത്തിന് ശേഷം മക്കൾ അദ്ദേഹത്തിന്റെ മൃതദേഹം പ്രത്യേകമായി സമാധി ഇരുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീട്ടുപിറകിൽ ഭാര്യയും മക്കളും ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് അറയ്ക്കുള്ളിലാണ് ഇദ്ദേഹത്തെ സമാധി ഇരുത്തിയത്. മരണവിവരം പുറത്തറിയാക്കാൻ കുടുംബം തയ്യാറാകാതിരുന്നതും, ഇത് സമാധിയാണെന്ന വാദവുമായി രംഗത്തുവന്നതും വലിയ ചർച്ചയായിരുന്നു.
സംഭവത്തിലെ ദുരൂഹതകൾ നീക്കുന്നതിനായി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോൺക്രീറ്റ് അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയുണ്ടായി. പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീണ്ടും അതേ സ്ഥലത്ത് തന്നെ സമാധി ഇരുത്തുകയായിരുന്നു.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതോടുകൂടിയാണ് നിലനിന്നിരുന്ന എല്ലാവിധ അവ്യക്തതകളും നീങ്ങി കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ ചതവുകൾ കണ്ടെത്തിയിരുന്നെങ്കിലും അവയൊന്നും മരണകാരണമായിരുന്നില്ലെന്ന് പരിശോധനാഫലത്തിൽ തെളിഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയധമനികളിൽ തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നും കരള്‍രോഗം ഗുരുതരമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇവയെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. നിലവിലും ഗോപന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് മകന്റെ നേതൃത്വത്തിൽ പൂജാകർമ്മങ്ങൾ തുടരുന്നുണ്ട്.

