രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.
കഴിഞ്ഞ മാസം ഇതിന്റെ വിലയിൽ 197.50 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വില വീണ്ടും കൂട്ടിയിരിക്കുന്നത്.
വില വർധനവിന് ശേഷം 19 കിലോ സിലിണ്ടറിന് നിലവിൽ 2783.50 രൂപയാണ് പുതുക്കിയ വില. അതേസമയം, രാജ്യത്ത് ഗാർഹിക സിലിണ്ടർ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഇതിനുപുറമേ, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വിലയും വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചത്.
ഇതിന്റെ ഫലമായി എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്.
നിലവിലെ ഈ സാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുക.
കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ വലിയ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

