അമേരിക്കയിലെ കലിഫോർണിയയിലുണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് കേശവദാസപുരം കക്കാട് ലെയ്നിലെ വീട്. കലിഫോർണിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട
ആൻ മേരി മാത്യുവിന്റെ പിതാവ് ജിജി മാത്യുവിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 2018ൽ കൺമുൻപിൽവച്ചുണ്ടായ വാഹനാപകടത്തിലാണ് ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമായത്.
സ്കൂട്ടറിൽ യാത്ര ചെയ്യവെ പിന്നിൽ കെഎസ്ആർടിസി ബസിടിച്ചായിരുന്നു ആ ദുരന്തം. വർഷങ്ങളുടെ വ്യത്യാസത്തിൽ മകൾ ആൻ മേരിയും അകാലത്തിൽ ജീവൻ വെടിഞ്ഞതോടെ നിസ്സഹായതയുടെ തുരുത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ് ഈ പിതാവ്.
ഉറ്റ സുഹൃത്തായ അനിലയാണ് ആനിനെ കൊലപ്പെടുത്തിയത് എന്നതിന്റെ കാരണമെന്തെന്ന് ജിജിക്ക് യാതൊരു സൂചനയുമില്ല. മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
വിവരമറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും തിരുവനന്തപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്. ജോലി തേടി നാല് വർഷം മുൻപ് യുഎസിലേക്ക് ചേക്കേറിയ ആൻ മേരിയുടെ ഏറ്റവും വലിയ ആശങ്ക നാട്ടിലെ അച്ഛന്റെ ഏകാന്തതയായിരുന്നു.
ദിവസവും ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കുമായിരുന്ന മകൾ, കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസവും വിഡിയോ കോൾ ചെയ്തിരുന്നു. ഈ വർഷം ജൂണിലാണ് ആൻ, ഭർത്താവ് ജേക്കബ് മക്കൾ എന്നിവർക്കൊപ്പം അവസാനമായി നാട്ടിലെത്തിയത്.
പിതാവ് ജിജിയുടെ 70–ാം പിറന്നാൾ ആഘോഷമാക്കാനായിരുന്നു അന്ന് അവർ എത്തിയത്. കൊല്ലപ്പെട്ട
ആൻ മേരിയും അഞ്ജനയും പൊലീസ് കസ്റ്റഡിയിലുള്ള അനിലയും ഉറ്റതോഴികളായിരുന്നു. കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് ഇവരും കുടുംബങ്ങളും താമസിച്ചിരുന്നത്.
സംഭവത്തിന് തൊട്ടുപിറകിലെ ദിവസങ്ങളിൽ ഇവർ ഒന്നിച്ച് ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകിയിരുന്നു. ഇതിനിടയിൽ, യുഎസിൽ കൊല്ലപ്പെട്ട
പാണഞ്ചേരി തെക്കൂട്ട് അഞ്ജന ഹരിയുടെ (36) വീട്ടിൽ മന്ത്രി ഒ.ജെ.ജനീഷ് സന്ദർശനം നടത്തി. യുഎസിലെ നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ വേണ്ട
ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. അഞ്ജനയുടെ പിതാവ് ഹരിദാസ്, ഭർതൃപിതാവ് വിജയൻ എന്നിവരുമായി സംസാരിച്ച അദ്ദേഹം സർക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു.
ഇതുവരെയുള്ള കാര്യങ്ങൾ തഹസിൽദാർ കെ.വി.സനൽകുമാർ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. 2023ലാണു അഞ്ജനയും കുടുംബവും അവസാനമായി കേരളത്തിലെത്തിയത്.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ഭാസ്കരൻ ആതംകാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ, കെ.എൻ.വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ വിനോദ് തേനംപറമ്പിൽ, ജോളി ജോർജ്, ജിത്ത് ചാക്കോ, അൽജോ ചാണ്ടി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരം ബിജെപി എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് ജയൻ പൂശേരി എന്നിവരും അഞ്ജനയുടെ വസതിയിലെത്തി കുടുംബാംങ്ങളെ ആശ്വസിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

