തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ രൂപപ്പെട്ടിട്ടുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. കാടും പടർപ്പും മാലിന്യവും അടിഞ്ഞുകൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടി.
രാവിലെ എട്ട് മണിക്ക് മേയർ വി.വി. രാജേഷ് ശുചീകരണ യജ്ഞം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത പാമ്പ്പിടുത്തക്കാരൻ വാവ സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ആശുപത്രിയുടെ ഏകദേശം 20 ഏക്കറോളം വരുന്ന വിശാലമായ കോമ്പൗണ്ടിൽ കാടും മാലിന്യക്കൂനകളും നിറഞ്ഞിരിക്കുന്നത് രോഗികൾക്കും സമീപവാസികൾക്കും വലിയ ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ പകർച്ചവ്യാധി സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ. കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നഗരസഭയുടെ നൂറോളം വരുന്ന ജീവനക്കാരുടെ പ്രത്യേക സംഘത്തോടൊപ്പം സമീപത്തെ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ കൈകോർക്കും. ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.
ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, മെഡിക്കൽ കോളെജ് നോഡൽ ഓഫീസർ ഡോ.
കവിത രവി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

