ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യെ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതൃത്വം രംഗത്ത്. രാഹുൽ ഗാന്ധിയെ മാത്രം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാനാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്.
സഖ്യകക്ഷിയായ ടിവികെ ഈ നിലപാടിൽ നിന്ന് വ്യതിചലിക്കുകയാണെങ്കിൽ മന്ത്രിമാർ രാജി വെക്കുമെന്ന മുന്നറിയിപ്പും പാർട്ടി നൽകിയിട്ടുണ്ട്. നിയമസഭയിൽ മന്ത്രി ഡി ശരത്കുമാർ സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇതിന് പിന്നാലെ ടിവികെയുടെ മുതിർന്ന മന്ത്രിമാരും വിവിധ വേദികളിൽ സമാനമായ ആവശ്യവുമായി മുന്നോട്ട് വന്നു. ഇതിന്റെ ഭാഗമായി തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി ജോസഫ് വിജയ് എന്ന പേരിലുള്ള പോസ്റ്ററുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
സമീപകാലത്ത് പുറത്തുവന്ന മാധ്യമ സർവേകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്ത് സി ജോസഫ് വിജയ് ഇടംപിടിച്ചിരുന്നു. ഒമ്പത് ശതമാനം ജനങ്ങളാണ് ജോസഫ് വിജയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ചത്.
ഈ സർവേ ഫലങ്ങളാണ് മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാക്കിയത്. സർവേ ഫലങ്ങളെ പരിഹസിച്ച് പിസിസി അധ്യക്ഷൻ മാണിക്യം ടാഗോർ രംഗത്തെത്തുകയുണ്ടായി.
ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവെയുമായി എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കടുത്ത രാജി ഭീഷണിയുമായി കോൺഗ്രസ് മന്ത്രിമാർ നിലപാട് കടുപ്പിച്ചത്.
രാഹുൽ ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂവെന്നും, അല്ലാത്തപക്ഷം മന്ത്രിസ്ഥാനം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാർ വ്യക്തമാക്കി. അതേസമയം, കോൺഗ്രസിന്റെ ഈ പ്രതികരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ അറുപത് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിച്ചത് സി ജോസഫ് വിജയ് കാരണമാണെന്നാണ് ടിവികെയുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

