സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കാർഷിക പദ്ധതികൾ വഴി ഓണച്ചന്തകളിൽ വൻ മുന്നേറ്റം. ‘ഓണക്കനി’, ‘നിറപ്പൊലിമ’ എന്നീ പദ്ധതികളുടെ ഭാഗമായി വിളവെടുത്ത പച്ചക്കറികളും പൂക്കളും വിപണിയിൽ എത്തിച്ചതിലൂടെ വനിതാ കർഷകർ സ്വന്തമാക്കിയത് 10.07 കോടി രൂപയുടെ വിറ്റുവരവാണ്.
കഴിഞ്ഞ ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രണ്ടായിരത്തിലധികം ഓണം വിപണന മേളകൾ സംഘടിപ്പിച്ചിരുന്നു. ഈ മേളകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2.85 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ലയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
1.62 കോടി രൂപ നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും, 85.50 ലക്ഷം രൂപ നേടിയ കണ്ണൂർ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000-ത്തിലധികം വരുന്ന കർഷക സംഘങ്ങളാണ് പച്ചക്കറി കൃഷി നടത്തിയത്.
ഓണസദ്യക്കായി 1580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഇവർ വിപണിയിലെത്തിച്ചത്. ഇതിലൂടെ മാത്രം 8,91,11,654.50 രൂപയുടെ (ഏകദേശം 8.91 കോടി) വിറ്റുവരവാണ് ഉണ്ടായത്.
പൂക്കളുടെ ആഭ്യന്തര ഉൽപാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘നിറപ്പൊലിമ’ പദ്ധതിയും മികച്ച വിജയം നേടി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്തെടുത്ത 113.17 മെട്രിക് ടൺ പൂക്കളാണ് ഇത്തവണ വിപണിയിലെത്തിയത്.
ഇതിലൂടെ 1,15,79,683 രൂപയുടെ (ഏകദേശം 1.16 കോടി) വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ഈ തുക പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്കാണ് എത്തുക.
സംഘടിത മേളകൾക്ക് പുറമെ പ്രാദേശിക തലത്തിലും കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് അധിക വരുമാനം നേടിയിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ഈ ഇടപെടലുകൾക്ക് സാധിച്ചു.
വനിതാ കർഷകരുടെ കഠിനാധ്വാനത്തിന് അർഹമായ വിപണി കണ്ടെത്തി നൽകുന്നതിലും കുടുംബശ്രീയുടെ ഈ കാർഷിക മുന്നേറ്റം നിർണ്ണായകമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

