അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ സംഘർഷം സൃഷ്ടിച്ചിട്ട് ആറു മാസം തികയുന്നു. മേഖലയിലെ ബോംബാക്രമണങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെങ്കിലും ശാശ്വത സമാധാനം ഇനിയും വിദൂരത്താണ്.
സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് ഇതുവരെയും തുറന്നിട്ടില്ലാത്തത് ചരക്കുഗതാഗതത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപാദനവും കയറ്റുമതിയും പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ഗൾഫ് മേഖലയിലെ പ്രധാന ഇന്ധന വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഈ കനത്ത തിരിച്ചടികളെ അതിജീലക്കാനുള്ള തീവ്രശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ.
ഹരിതോർജ രംഗത്ത് ചൈനയുടെ മുന്നേറ്റം
ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമത്തിന് വഴിവെച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളിൽ പോലും ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇത് ലോകമെമ്പാടും പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമായി. ഹരിതോർജ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള എൻജിനുകളുടെ നിർമ്മാണത്തിൽ ചൈന വൻ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്.
സോളാർ പാനലുകൾ, ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ 150 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 5 ലക്ഷം ഇലക്ട്രിക് കാറുകളാണ് ചൈന കയറ്റുമതി ചെയ്തത്.
പ്രതിസന്ധികളെ മറികടന്ന് ഗൾഫ് രാജ്യങ്ങൾ
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം മൂലം മാർച്ചിൽ മാത്രം പ്രതിദിനം 200 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ധന കയറ്റുമതിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നത്. ലോകത്തെ പ്രമുഖ എൽഎൻജി ഉൽപാദകരായ ഖത്തറിന് പൂർണ്ണ ശേഷിയിൽ ഉൽപാദനം പുനരാരംഭിക്കാൻ കുറഞ്ഞത് 5 വർഷം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നിരുന്നാലും, നിലവിലെ പെട്രോളിയം കയറ്റുമതിയുടെ മൂന്നിൽ രണ്ടും ഈ മാസം തന്നെ പുനഃസ്ഥാപിക്കാൻ സാധിച്ചതായി ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലുകളിൽ നിന്ന് നേരിട്ട് ഇന്ധനം നിറയ്ക്കുന്ന സംവിധാനവും, ഹോർമുസ് പാതയ്ക്ക് പകരമായി പൈപ്പ് വഴി ഇന്ധനം എത്തിച്ച് കപ്പലുകളിലേക്ക് നൽകുന്ന നൂതന മാർഗ്ഗങ്ങളും മേഖലയിൽ നടപ്പിലാക്കി കഴിഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത കയറ്റുമതി രീതികളിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ പൂർണ്ണമായും പിന്മാറി. ആവശ്യക്കാർക്ക് ആവശ്യമായ അളവിൽ ഇന്ധനം ലഭ്യമാക്കുക എന്നതാണ് പുതിയ നയം.
ഒഴിഞ്ഞ ടാങ്കറുകളുമായി എത്തുന്നവർക്ക് ഇന്ധനം നിറച്ചുനൽകുമെന്ന് ഖത്തറും ഇറാഖും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കടൽയാത്രയുടെ മുഴുവൻ ഉത്തരവാദിത്തവും വാങ്ങുന്നവർക്കായിരിക്കും.
സൗദി അറേബ്യയുടെ ആകെയുള്ള ഉൽപാദനത്തിന്റെ 75 ശതമാനവും ഇപ്പോൾ ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യുന്നത്. പ്രസിദ്ധമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി പെട്രോൾ ചെങ്കടൽ തുറമുഖത്ത് എത്തിച്ചാണ് സൗദി ഈ കയറ്റുമതി സംവിധാനം വിജയകരമായി നടപ്പിലാക്കുന്നത്.
കൂടാതെ, രാജ്യാതിർത്തിക്ക് പുറത്ത് മുൻകൂട്ടി സംഭരിച്ചിരിക്കുന്ന ഇന്ധനം വിറ്റഴിക്കാൻ കുവൈത്തും തീരുമാനമെടുത്തിട്ടുണ്ട്. ഒപെക്കിൽ നിന്നും പുറത്തുവന്നതിനു പിന്നാലെ യുഎഇക്ക് ലഭിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വ്യാപാര അവസരമാണ്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിലുണ്ടായ ഭീമമായ വരുമാനനഷ്ടം, തുടർന്നുള്ള മാസങ്ങളിലെ അധിക ഉൽപാദനത്തിലൂടെയും കയറ്റുമതിയിലൂടെയും നികത്താനുള്ള തയ്യാറെടുപ്പിലാണ് ഗൾഫ് രാഷ്ട്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

