ബംഗളൂരു: കർണാടകയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹം ഉടൻ രാജിവെക്കണമെന്നും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
പരസ്യമായി മാപ്പുപറയാൻ മന്ത്രി തയാറായില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറാകണമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്. കൊപ്പള ജില്ലയിലെ കുക്നൂരിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി രായറെഡ്ഡി വിവാദ പ്രസ്താവന നടത്തിയത്.
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതമാണ് ഇസ്ലാമെന്നും അത് പൂർണ്ണമായും മാനവികതയിൽ അധിഷ്ഠിതമാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. താൻ സാധാരണയായി ക്ഷേത്രങ്ങളോ മഠങ്ങളോ സന്ദർശിക്കാറില്ലെന്നും എന്നാൽ മക്കയിൽ പോയി ഹജ്ജ് കർമ്മം ചെയ്യാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും ഖുർആൻ പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും രായറെഡ്ഡി പറഞ്ഞതാണ് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. മന്ത്രിയുടെ ഈ പരാമർശം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അപമാനിക്കുന്നതാണെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണം.
കോൺഗ്രസ് സർക്കാരിന്റെ തുടർച്ചയായ ഹിന്ദു വിരുദ്ധ നിലപാടുകളാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം, സംഭവം വലിയ വിവാദമായതോടെ എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുന്ന വ്യക്തിയാണ് താനെന്നും മറ്റ് മതങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ബസവരാജ് രായറെഡ്ഡി ഇതിനോടകം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

