ചെങ്ങന്നൂർ പ്രോവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ് പരീക്ഷാകേന്ദ്രത്തിൽ നീറ്റ് പിജി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിക്ക് തുണയായി കേരള പൊലീസ്. ഹരിപ്പാട് കുമാരപുരം സ്വദേശിയായ പരീക്ഷാർത്ഥിയുടെ കൈവശം ഹാൾ ടിക്കറ്റിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കോപ്പിയാണുണ്ടായിരുന്നത്.
കളർ പകർപ്പ് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗേറ്റിൽ തടഞ്ഞതോടെ വിദ്യാർത്ഥി കടുത്ത ആശങ്കയിലായി. ഞായറാഴ്ചയായതിനാൽ പരിസരപ്രദേശങ്ങളിൽ കളർ പ്രിന്റ് എടുക്കാനുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.
ഈ വിവരം അറിഞ്ഞ ഉടൻ തന്നെ പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ശ്യാംകുമാർ, സി.കലേഷ് കുമാർ എന്നീ സീനിയർ സിപിഒമാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഹാൾ ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി മൊബൈൽ ഫോൺ വഴി സ്റ്റേഷനിലെ റൈറ്റർ കെ.എസ്.അജിത്ത്കുമാറിന് അയച്ചു നൽകുകയും, സ്റ്റേഷനിലെ പ്രിന്റർ ഉപയോഗിച്ച് കളർ പ്രിന്റ്ഔട്ട് എടുക്കുകയുമാണുണ്ടായത്.
തുടർന്ന് ഇരുവരും ഉടൻ തന്നെ ബൈക്കിൽ സ്റ്റേഷനിലെത്തി കളർ കോപ്പിയുമായി കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിൽ തിരിച്ചെത്തുകയും 9.15ഓടെ പരീക്ഷാർത്ഥിക്ക് ഹാൾ ടിക്കറ്റ് കൈമാറുകയും ചെയ്തു. രാവിലെ 9.30ന് ആയിരുന്നു പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

