കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് തിരോധാന കേസില്‍ പുതിയ വഴിതിരിവ്. കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന് അലി അക്ബര്‍ നടത്തിയ വെളിപ്പെടുത്തലുകളിലെ വസ്തുതകളിലാണ് ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
കേസ് അന്വേഷിക്കാന്‍ അലി അക്ബറിനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതിന്റെ രേഖകളൊന്നും ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള കേസ് ഡയറിയില്‍ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.
എന്നാല്‍ 2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാണ് തന്നെ അന്വേഷണത്തിന് നിയോഗിച്ചതെന്നും, ആവശ്യമെങ്കില്‍ ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അലി അക്ബറിന്റെ നിലപാട്. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിധിന് അഗര്‍വാള്‍ നേരിട്ട് തന്നെ ചുമതലപ്പെടുത്തിയെന്നും, തുടര്‍ന്ന് സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഈ വാദങ്ങളെ അന്വേഷണ സംഘം പൂര്‍ണ്ണമായി മുഖവിലയ്ക്കെടുക്കുന്നില്ല. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2017ല്‍ എഎസ്ഐ പദവിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് സുപ്രധാന അന്വേഷണത്തിന് നിയോഗിച്ചു എന്നത് അസാധാരണമാണെന്നാണ് പ്രധാന സംശയം. കൂടാതെ, അലി അക്ബര്‍ ഈ വിഷയം അന്വേഷിച്ചതായി പറയുന്ന കാലയളവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്നാണ് അന്വേഷണം നടത്തിയിരുന്നതെന്നതും സംശയത്തിന് ഇടനൽകുന്നു.
അലി സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് ഡയറിയിലില്ലാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പത്തിലാക്കുന്നുണ്ട്. ഈ അവകാശവാദങ്ങളിലെ ദുരൂഹത നീക്കുന്നതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ആലപ്പുഴ ഓഫിസിലുമുള്ള പഴയ രേഖകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, തന്റെ ഔദ്യോഗിക ചുമതല സംബന്ധിച്ച ഉത്തരവുകള്‍ കൈവശമുണ്ടെന്നും ആവശ്യപ്പെടുന്ന പക്ഷം അത് പുറത്തുവിടാന്‍ തയ്യാറാണെന്നും അലി അക്ബര്‍ വ്യക്തമാക്കി. കുറുപ്പ് ജീവനോടെയുണ്ടെന്ന തന്റെ കണ്ടെത്തലുകളെ ദുര്‍ബലപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

