സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ സംബന്ധിച്ച് പുതിയതായി അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും റവന്യു ഡിവിഷനൽ ഓഫിസർമാർ(ആർഡിഒ) നിർത്തിവച്ചു. ഈ നടപടിയെത്തുടർന്ന് നൂറുകണക്കിന് അപേക്ഷകരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
ഇതിൽ ഭൂരിഭാഗവും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ്. ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ 2 വർഷം വൈകിയാൽ ഇനി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണമെന്ന ഭേദഗതി നിലവിൽ വന്നതോടെയാണ് ഉത്തരവിറക്കാൻ അപേക്ഷകൾ സ്വീകരിക്കുന്നത് ആർഡിഒമാർ പൂർണ്ണമായും നിർത്തിയത്.
കേന്ദ്രസർക്കാർ കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിച്ച ഈ ഭേദഗതി നിയമം ഓഗസ്റ്റിൽ പാസാക്കിയിരുന്നു. എന്നാൽ, ഇത് പ്രാബല്യത്തിൽ വരുന്ന തീയതി സംബന്ധിച്ച് വ്യക്തതയില്ല.
കൂടാതെ, പുതിയ അപേക്ഷകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഔദ്യോഗിക മാർഗനിർദേശങ്ങളും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആർഡിഒമാർ അപേക്ഷകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്.
പഞ്ചായത്തുകളിലോ നഗരസഭകളിലോ ജനനവും മരണവും സമയബന്ധിതമായി റജിസ്റ്റർ ചെയ്യാത്തവരും അവരുടെ കുടുംബാംഗങ്ങളുമാണ് ഔദ്യോഗിക ഉത്തരവിനായി ആർഡിഒമാരെ സമീപിച്ചിരുന്നത്. നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് നോൺ അവെയ്ലബിലിറ്റി സർട്ടിഫിക്കറ്റ്(എൻഎവി) കരസ്ഥമാക്കിയ ശേഷമാണ് റജിസ്ട്രേഷനായി ആർഡിഒയ്ക്ക് അപേക്ഷ സമർപ്പിക്കുന്നത്.
എൻഎവി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി തദ്ദേശസ്ഥാപനതലത്തിലും, റജിസ്ട്രേഷൻ നടപടികൾക്ക് മുൻപായി ആർഡിഒയുടെ നിർദേശപ്രകാരം വില്ലേജ്, താലൂക്ക് തലങ്ങളിലും ഔദ്യോഗിക അന്വേഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാസങ്ങൾ നീളുന്നതാണ് ഈ നടപടിക്രമങ്ങൾ.
കേരളത്തിൽ ആശുപത്രികളിൽ നടക്കുന്ന ജനനങ്ങളും മരണങ്ങളും വർഷങ്ങളായി കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, വീടുകളിലും മറ്റും സംഭവിക്കുന്നവയാണ് പലപ്പോഴും റജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നത്. ഇത് പിന്നീട് എൻഎവി സർട്ടിഫിക്കറ്റും അനുബന്ധ തുടർനടപടികളും ആവശ്യമായി വരുന്ന സ്ഥിതി സൃഷ്ടിക്കുന്നു.
വർഷങ്ങൾക്കു മുൻപുള്ള രേഖകൾ ലഭ്യമല്ലാത്തത് പട്ടികവിഭാഗങ്ങളിൽ പെട്ടവരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്.

