തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരസ്യ പ്രതികരണവുമായി സിപിഐ നേതൃത്വം രംഗത്ത്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചതിനെതിരെ സിപിഐഎം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് മറുപടി നല്‍കിയത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ തികച്ചും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഇതുവരെ എല്‍ഡിഎഫ് യോഗത്തില്‍ ഔദ്യോഗികമായി ഉന്നയിക്കാത്തത് സിപിഐഎം ആവശ്യപ്പെട്ടത് പ്രകാരമാണെന്ന സുപ്രധാന വിവരവും അദ്ദേഹം പങ്കുവെച്ചു.
ഇതുമായി ബന്ധപ്പെട്ട് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇടതുമുന്നണിയുടെ തുടക്കം മുതല്‍ ഇന്നോളം പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഐഎമ്മില്‍ മാത്രമാണ് നിക്ഷിപ്തമായിരുന്നതെന്നും, ആ കീഴ്വഴക്കം യാതൊരു മാറ്റവുമില്ലാതെ തുടരണമെന്നുമുള്ള വാദങ്ങള്‍ സംസ്ഥാനത്തും രാജ്യത്തുമുണ്ടായ സമകാലിക രാഷ്ട്രീയ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമായി മാത്രമെ വിലയിരുത്താനാകൂ എന്നും രാജാജി മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

