പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മധ്യേഷ്യൻ സന്ദർശനം പുരോഗമിക്കുന്നു. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി ചർച്ചകൾ നടത്തും.
ഇന്നലെ താഷ്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് വൈകീട്ട് പ്രസിഡന്റ് ഒരുക്കിയ അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രത്യേക യോഗ പരിപാടിയിലും നരേന്ദ്ര മോദി സംബന്ധിക്കും.
ഇതിനുശേഷമാണ് ഉസ്ബെക്ക് പ്രസിഡന്റുമായുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ചർച്ചയ്ക്ക് ശേഷം ഒപ്പുവെക്കും.
തുടർന്ന് താഷ്കന്റിലെ ലാൽ ബഹദൂർ ശാസ്ത്രി സ്മാരകം സന്ദർശിക്കുന്ന അദ്ദേഹം, താഷ്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിലും സന്നിഹിതനാകും. ഉസ്ബെക്കിസ്ഥാനിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് കിർഗിസ്ഥാനിലെ ബിസ്കേകിലേക്ക് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നാളെ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) പങ്കെടുക്കും.
ഉച്ചകോടിയിൽ ഭീകരവാദം പ്രധാന ചർച്ചാവിഷയമാകുമെന്ന് യാത്രയ്ക്ക് മുൻപ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കും സാധ്യതയുണ്ട്.
ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധ സഹകരണം, ഊർജ്ജ മേഖലയിലെ പങ്കാളിത്തം എന്നിവ റഷ്യൻ പ്രസിഡന്റുമായുള്ള ചർച്ചയിൽ ഇടംപിടിക്കും. കൂടാതെ, പശ്ചിമേഷ്യൻ സംഘർഷങ്ങളും ഉച്ചകോടി അവലോകനം ചെയ്യും.
കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

