കഠ്മണ്ഡുവിൽ പ്രളയം തീർത്ത കെടുതികൾക്കിടയിലും അതിജീവനത്തിന്റെ പ്രത്യാശ പകരുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ കോരികയിലിരിക്കുന്ന ഗുണ മായ ബൊഹാറയെന്ന തൊണ്ണൂറ്റിയേഴുകാരി ഇന്ന് പ്രളയം തകർത്ത പ്രതിസന്ധികളുടെ പ്രതീകമായി മാറിയിരിക്കുകയാണ്.
പ്രളയക്കെടുതികളെ അതിജീവിച്ച് മരണത്തെ തോൽപ്പിച്ചെത്തിയ ഗുണയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെളി പുരണ്ട
വസ്ത്രങ്ങളും സർവവും നഷ്ടപ്പെട്ട് ക്ഷീണിച്ചതുമായ അവരുടെ മുഖഭാവം പ്രളയദുരന്തത്തിന്റെ ഭീകരതയാണ് ഓർമിപ്പിക്കുന്നത്. പ്രളയത്തിൽ ഗുണ ബൊഹാറ താമസിച്ചിരുന്ന കെയർ ഹോമും പൂർണ്ണമായി തകർന്നിരുന്നു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ, നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും നേപ്പാൾ സൈന്യവും ചേർന്ന് പുറത്തെടുത്തത്.
മുത്തശ്ശിയെ രക്ഷപ്പെടുത്താനായി അവരുടെ സഹോദരന്റെ പേരക്കുട്ടി ദീപക് ബൊഹാറയും കഠ്മണ്ഡുവിൽ എത്തിച്ചേർന്നിരുന്നു. ഗുണ ബൊഹാറ ഒരു പോരാളിയാണെന്നാണ് ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുത്തശ്ശിയെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ദുരന്തത്തിൽ ഒരുപാടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗുണ ബൊഹാറയുടെ ആരോഗ്യനില പുരോഗമിച്ചുവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എങ്കിലും, ഇത്രയും വലിയൊരു ദുരന്തത്തെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് വ്യക്തമാക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് അവർ ഇപ്പോഴുമുള്ളത്. അതേസമയം, നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 600 കടന്നു.
ഇതുവരെ 676 മൃതദേഹങ്ങളാണ് മീറ്റെടുത്തിട്ടുള്ളത്. മൂവായിരത്തോളം ആളുകളെയാണ് കാണാതായിരിക്കുന്നത്.
കാണാതായവരിൽ മുന്നൂറിലധികം ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 400 മുതൽ 500 കോടി ഡോളർ വരെ ആവശ്യമായി വരുമെന്ന് നേപ്പാൾ ധനമന്ത്രി സ്വാർനിം വേഗിൾ വ്യക്തമാക്കി.

