നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ആശയവിനിമയം സാധ്യമാകാതെ ആശങ്ക പരത്തിയിരുന്ന എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെയുള്ള 16 കേരളീയർ സുരക്ഷിതരായി നാട്ടിൽ മടങ്ങിയെത്തി. നേപ്പാളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ പെട്ടുപോയവരിൽ ഇതുവരെ വിവരം ലഭിക്കാതിരുന്ന എട്ടുപേരിൽ ഒരാളാണ് റിനീത് മോഹൻ.
വിവിധ ഹെൽപ്പ് ഡെസ്കുകൾ വഴി നടത്തിയ പരിശോധനയിൽ 45 മലയാളികൾ സുരക്ഷിതരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നേപ്പാളിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നുണ്ടെന്നും, നാട്ടിലേക്ക് മടങ്ങാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണെന്നും ബന്ധുക്കളെ അറിയിച്ചു.
കഴിഞ്ഞ മാസം 23-നാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ നേപ്പാളിലേക്ക് യാത്ര തിരിച്ചത്. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് യാത്ര റദ്ദാക്കി മടങ്ങുന്നതിനിടയിൽ പൊഖാറയ്ക്കടുത്തായിരുന്നു അദ്ദേഹം.
ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് കുടുംബത്തിന് ഇയാളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നത്. തുടർന്ന് ഈ മാസം 27-ന് ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ച റിനീത് മോഹൻ ഉച്ചയോടെയാണ് നാട്ടിൽ എത്തിച്ചേർന്നത്.
കൊച്ചിയിൽ നിന്നുള്ള 14 പേരടങ്ങുന്ന മറ്റൊരു യാത്രാ സംഘവും തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. കൊച്ചി കാക്കനാട്ടുനിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്കായി പോയ ശ്രുതി ശിഖാമണിയും സുരക്ഷിതയായി തിരിച്ചെത്തിയിട്ടുണ്ട്.
പ്രളയം രൂക്ഷമാകുന്ന സമയത്ത് കഠ്മണ്ഡുവിലായിരുന്നു ഇവർ. അതേസമയം, ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികൾ ഉൾപ്പെടെ ഏഴുപേരെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്.
ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി നോർക്ക ഹെൽപ്പ് ഡെസ്കുകളുമായോ ഡൽഹി എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

