പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകുന്നു. ഇറാന് – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി അടച്ചിരുന്ന ഓഫീസുകളാണ് ഘട്ടംഘട്ടമായി തുറക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്ധരും അവരുടെ കുടുംബാംഗങ്ങളും മേഖലയിലേക്ക് തിരിച്ചുതുടങ്ങിയതായി പെന്റഗണ്‍ ഔദ്യോഗികമായി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തിലായിരുന്നു അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.
ഇത്തരം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തിലായിരുന്നു ഈ നടപടി.
ഇതിനെ തുടര്‍ന്ന് പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. സംഘര്‍ഷം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും തുറക്കാനുള്ള നിർണായക തീരുമാനത്തിലേക്ക് അമേരിക്ക എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഇസ്രയേല്‍, ലെബനോണ് എന്നിവിടങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് അതത് രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ നീക്കം പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം തിരിച്ചുവരുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തിരികെ പ്രവേശിക്കാമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. അതേസമയം, ലെബനോണില്‍ 21 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ നിയന്ത്രിത രീതിയിലായിരിക്കും നയതന്ത്ര കാര്യാലയങ്ങളുടെ പ്രവര്‍ത്തനം. സുരക്ഷാ സാഹചര്യങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയ ശേഷം ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്ന് പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന മുഴുവന്‍ അമേരിക്കന്‍ പൗരന്മാരും ഗള്‍ഫ് മേഖലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

