ഉയർന്ന തുക ബ്രോക്കറേജായി നൽകേണ്ടി വരാതെ, ഓഹരി ഇടപാടുകളിലൂടെ നേടുന്ന ലാഭം മുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സഹായിക്കുന്ന നിരവധി മുൻനിര പ്ലാറ്റ്ഫോമുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്. ഡിസ്കൗണ്ട് ബ്രോക്കർമാർ എന്ന വിശേഷണമുള്ള ഇത്തരക്കാർ സാധാരണയായി ഓരോ ഓർഡറിനും പരമാവധി 20 രൂപയോ അല്ലെങ്കിൽ ട്രേഡിങ് തുകയുടെ ചെറിയൊരു ശതമാനമോ (0.03%- 0.05%) മാത്രമാണ് ഫീസായി ഈടാക്കുന്നത്.
നിക്ഷേപ ലോകത്ത് സജീവമായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചില ഡിസ്കൗണ്ട് ബ്രോക്കർമാരെയും ട്രേഡിങ് ആപ്പുകളെയും കുറിച്ച് പരിശോധിക്കാം.
1. സീറോദ –
ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഡിസ്കൗണ്ട് ബ്രോക്കറാണ് സീറോദ.
ഇവിടങ്ങളിൽ ഓഹരികൾ വാങ്ങി ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിന് യാതൊരുവിധ ബ്രോക്കറേജ് ചാർജും ഈടാക്കുന്നില്ല. എന്നാൽ ഇൻട്രാഡേ, എഫ്&ഒ ട്രേഡിങ്ങുകൾക്ക് ഓരോ ഓർഡറിനും പരമാവധി 20 രൂപ വീതം നൽകേണ്ടി വരും.
സ്വയം കാര്യങ്ങൾ പഠിച്ച് സജീവമായി ട്രേഡിങ് നടത്തുന്ന പരിചയസമ്പന്നരായ നിക്ഷേപകർക്ക് ഈ ആപ്പ് ഏറെ അനുയോജ്യമാണ്. ഈ ആപ്ലിക്കേഷനിൽ അനാവശ്യമായ പരസ്യങ്ങളോ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളോ ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.
പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 8.15% വരെ പലിശ ലഭ്യമാകുന്ന സ്ഥിരനിക്ഷേപങ്ങൾ ആരംഭിക്കാനുള്ള സൗകര്യവും സീറോദ നൽകുന്നുണ്ട്. 2.
അപ്സ്റ്റോക്സ് –
വളരെ വേഗത്തിൽ ഓർഡറുകൾ എക്സിക്യൂട്ട് ചെയ്യാനും ആധുനിക ചാർട്ടിങ് സംവിധാനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും സാധിക്കുന്ന ഒരു പ്രമുഖ ആപ്പാണിത്. എല്ലാ വിഭാഗത്തിലുള്ള ട്രേഡുകൾക്കും പരമാവധി 20 രൂപയാണ് ഇവിടെ ചാർജ് വരുന്നത്.
കൃത്യതയും ഉയർന്ന വേഗതയും ഒരേപോലെ ആഗ്രഹിക്കുന്ന ട്രേഡർമാർക്ക് ഈ പ്ലാറ്റ്ഫോം വളരെ സൗകര്യപ്രദമാണ്. ഇതിൽ അക്കൗണ്ട് ഓപ്പണിങ് ചാർജ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു കൂടാതെ ആധുനിക ചാർട്ടിങ് ടൂളുകളും ലഭ്യമാണ്.
3. ഏഞ്ചൽ വൺ–
കുറഞ്ഞ ബ്രോക്കറേജ് നിരക്കുകൾക്കൊപ്പം തന്നെ നിക്ഷേപകർക്ക് ആവശ്യമായ മികച്ച റിസർച്ച് റിപ്പോർട്ടുകളും വിദഗ്ധ ഉപദേശങ്ങളും ഇവിടെ നിന്നും ലഭിക്കും.
ഡെലിവറി ട്രേഡുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കുന്നില്ല. മികച്ച റിസർച്ച് റിപ്പോർട്ടുകൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി വഴിയുള്ള സ്റ്റോക്ക് നിർദേശങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു.
ട്രേഡിങ് രംഗത്തേക്ക് പുതുതായി കടന്നുവരുന്ന തുടക്കക്കാർക്ക് ആവശ്യമായ കൃത്യമായ ഗൈഡൻസും മികച്ച കസ്റ്റമർ സപ്പോർട്ടും ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. 4.
ഗ്രോ
– തുടക്കക്കാർക്ക് വളരെ ലളിതമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ഈ ആപ്പിന്റേത്. ഡെലിവറി ഉൾപ്പെടെയുള്ള എല്ലാ ട്രേഡുകൾക്കും 20 രൂപയോ അല്ലെങ്കിൽ 0.05% വോ ആണ് ചാർജ് ഈടാക്കുന്നത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും തുടക്കക്കാർക്കും ഇത് ഏറെ അനുയോജ്യമായ ഒരു മാർഗ്ഗമാണ്. ഇവിടെ അക്കൗണ്ട് മെയിന്റനൻസ് ചാർജ് ഈടാക്കുന്നില്ല എന്നതും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് യാതൊരുവിധ കമ്മിഷനും ബാധകമല്ല എന്നതും പ്രധാന നേട്ടമാണ്.
5. എം.സ്റ്റോക് –
പ്രമുഖ ആഗോള ഫിനാൻഷ്യൽ ഗ്രൂപ്പായ മിറേ അസറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ട്രേഡിങ് പ്ലാറ്റ്ഫോമാണിത്.
കുറഞ്ഞ ചെലവിൽ ഇടപാടുകൾ നടത്തുവാൻ താൽപ്പര്യപ്പെടുന്നവർക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. പ്രധാനമായും രണ്ടുതരം അക്കൗണ്ട് ഓപ്പണിങ് പ്ലാനുകളാണ് എം.സ്റ്റോക് ഉപയോക്താക്കൾക്കായി നൽകുന്നത്.
അക്കൗണ്ട് തുറക്കുന്ന സമയത്ത് ഒറ്റത്തവണയായി 999 രൂപ അടച്ചാൽ പിന്നീട് ജീവിതകാലം മുഴുവൻ ഡെലിവറി, ഇൻട്രാഡേ, എഫ്&ഒ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നിവയ്ക്കൊന്നും യാതൊരുവിധ ബ്രോക്കറേജ് ചാർജും നൽകേണ്ടി വരില്ല. രണ്ടാമത്തെ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അക്കൗണ്ട് ഓപ്പണിങ് ചാർജ് നൽകേണ്ടതില്ല.
ഇതിൽ മ്യൂച്വൽ ഫണ്ടുകളും ഡെലിവറിയും പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ ഇൻട്രാഡേ, എഫ്&ഒ ട്രേഡുകൾക്ക് ഓരോ ഓർഡറിനും 10 രൂപ വീതം ബ്രോക്കറേജ് നൽകേണ്ടി വരും.
കൈവശമുള്ളതിനേക്കാൾ അധിക പണം മുടക്കി കൂടുതൽ ഷെയറുകൾ വാങ്ങാൻ സഹായിക്കുന്ന പേ ലേറ്റർ ഫീച്ചറും എം.സ്റ്റോക് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ ഒരേസമയം നിരവധി പേർ ഈ ആപ്പ് ഉപയോഗിക്കുമ്പോൾ ഇടയ്ക്ക് ചെറിയ രീതിയിൽ ആപ്പ് ഹാങ്ങ് ആകുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്.
∙ ഇടപാടുകൾ വളരെ ലളിതമായി ചെയ്തു തീർക്കാൻ ഗ്രോ തിരഞ്ഞെടുക്കാവുന്നതാണ്.
∙ കൂടുതൽ വിശ്വസനീയവും വേഗതയേറിയതുമായ പ്ലാറ്റ്ഫോമാണ് ആവശ്യമെങ്കിൽ സീറോദയോ അല്ലെങ്കിൽ അപ്സ്റ്റോക്സ് പ്ലാറ്റ്ഫോമോ ഉപയോഗിക്കാവുന്നതാണ്.
∙ കൃത്യമായ വിദഗ്ധ ഉപദേശങ്ങളും മികച്ച റിസർച്ച് റിപ്പോർട്ടുകളും വേണമെങ്കിൽ ഏഞ്ചൽ വൺ പരിഗണിക്കാം.
∙ ഒറ്റത്തവണയായി 999 രൂപ അടച്ച് ജീവിതകാലം മുഴുവൻ ഡെലിവറി, ഇൻട്രാഡേ, എഫ്&ഒ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നിവ സൗജന്യമായി നേടാൻ എം.സ്റ്റോക് നോക്കാവുന്നതാണ്. ഇവിടെ പറയുന്ന നിരക്കുകൾ എല്ലാം തന്നെ പൊതുവായ സൂചകങ്ങൾ മാത്രമാണ്.
നിലവിലുള്ള ചാർജുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പുതിയ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ ശ്രദ്ധിക്കുക. വിപണിയിലെ കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിൽ പല ബ്രോക്കറേജ് സ്ഥാപനങ്ങളും ഇടയ്ക്കിടെ തങ്ങളുടെ നിരക്കുകളിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനുള്ള സാധ്യതകൾ
∙ അല്പം പോലും ശ്രദ്ധിച്ചില്ലെങ്കിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പണം നിമിഷനേരം കൊണ്ട് നഷ്ടപ്പെടാം. സാങ്കേതികവിദ്യ അതിവേഗം വളരുന്നതിനൊപ്പം തന്നെ തട്ടിപ്പുകാരും പുതിയ മാർഗ്ഗങ്ങളുമായി രംഗത്ത് എത്താറുണ്ട്.
അതിനാൽ സ്വന്തം അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ നിക്ഷേപകന്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.
∙ ടു-ഫാക്ടർ ഓതന്റിക്കേഷൻ സൗകര്യം ഉപയോഗിച്ച് ഡീമാറ്റ് അക്കൗണ്ടുകൾ ലോഗിൻ ചെയ്താൽ ഒരു പരിധി വരെ വലിയ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.
പാസ്വേഡുകൾ, ലോഗിൻ പിൻ നമ്പറുകൾ എന്നിവ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്. കൃത്യമായ ഇടവേളകളിൽ പാസ്വേഡുകൾ മാറ്റിക്കൊണ്ടിരിക്കുകയും വേണം.
∙ സ്വന്തം ഉപയോഗത്തിലുള്ള ഫോണിലോ ലാപ്ടോപ്പിലോ മാത്രം അക്കൗണ്ടുകൾ ലോഗിൻ ചെയ്യുക.
പൊതുസ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചാൽ വിവരങ്ങൾ വളരെ എളുപ്പത്തിൽ ചോർന്നു പോകാൻ ഇടയുണ്ട്.
∙ ഡിപ്പോസിറ്ററികൾ, ബ്രോക്കർമാർ എന്നിവർ അയച്ചുതരുന്ന സ്റ്റേറ്റ്മെന്റുകളും എസ്എംഎസുകളും കൃത്യമായി പരിശോധിക്കുക. നിങ്ങൾ ചെയ്യാത്ത ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട
ബ്രോക്കറെയോ ഡിപ്പോസിറ്ററിയെയോ വിവരം അറിയിക്കേണ്ടതാണ്.
∙ ബ്രോക്കർക്ക് ‘പവർ ഓഫ് അറ്റോർണി’ (PoA) നൽകുന്ന സന്ദർഭങ്ങളിൽ അതൊരു ‘ലിമിറ്റഡ് പർപ്പസ് PoA’ ആണെന്ന് ഉറപ്പുവരുത്തുക. ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ആവശ്യമായ പരിമിതമായ അധികാരങ്ങൾ മാത്രം നൽകിയാൽ മതിയാകും.
∙ വൻതോതിൽ ലാഭം വാഗ്ദാനം ചെയ്തുവരുന്ന വാട്സാപ്, ടെലിഗ്രാം ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിൽ വിളിച്ചു വിവരങ്ങൾ ചോദിക്കുന്നവരോട് ഒരു വിവരവും പങ്കുവെക്കരുത്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട
ബ്രോക്കറേജ് ഹൗസുകളുടെ ഹെൽപ് ലൈൻ നമ്പറിലോ അല്ലെങ്കിൽ 1930 എന്ന സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിലോ വിളിച്ച് പരാതിപ്പെടുക.
∙ അസ്വാഭാവികമായ രീതിയിൽ അക്കൗണ്ട് ലോഗിൻ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആപ്പിലെ സെറ്റിങ്സിൽ പ്രവേശിച്ച് അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യുക. ദീർഘദൂര യാത്രകളിലോ അല്ലെങ്കിൽ മറ്റു തിരക്കുകളിലോ ആയതിനാൽ കുറച്ചു നാളത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ അത് താൽക്കാലികമായി ഫ്രീസ് ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

