അമേരിക്കയും വെനസ്വേലയും തമ്മിൽ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ നിലവിൽ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനസ്വേലയുടെ കൈവശമുള്ള 65 ബില്യൺ ബാരലിലധികം ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിപക്ഷ നിയന്ത്രണം ഉറപ്പാക്കുന്നതാണ് ഈ പുതിയ ധാരണ.
രാജ്യത്തെ ഇന്ധനവില ഗണ്യമായി കുറയ്ക്കാനും അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കാനും ഈ കരാർ സഹായകരമാകുമെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം പുറത്തുവന്നത്.
“ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ അമേരിക്ക വെനസ്വേലയുമായി ധാരണയിലെത്തിയിരിക്കുന്നു. എൻ്റെ നിർദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ചേർന്ന് നടത്തിയ ചർച്ചകളിലാണ് ഈ ധാരണയായത്.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് കരാർ. അമേരിക്കൻ നികുതിദായകർക്ക് ഒരു ചെലവുമില്ലാതെയാണ് 65 ബില്യൺ ബാരൽ എണ്ണയുടെ നിയന്ത്രണം നമ്മൾ നേടിയെടുത്തത്” എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
വെനസ്വേലയുടെ സമ്പദ്വ്യവസ്ഥയ്ക്കും ഈ കരാർ വലിയ ഉണർവ് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ ചരിത്രപരമായ ഇടപാട് അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയാക്കും, എണ്ണ വിതരണം വർധിപ്പിക്കും, എല്ലാ അമേരിക്കക്കാർക്കും ദീർഘകാലത്തേക്ക് ഗ്യാസ് വില കുറയ്ക്കും.
അതോടൊപ്പം വെനസ്വേലയെ വലിയ വിജയത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ ഇത് സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഈ ഇടപാട് സഹായിക്കും”- ട്രംപ് പറഞ്ഞു.
മാസങ്ങൾ നീണ്ട നയതന്ത്ര സമ്മർദങ്ങൾക്കും ഉപരോധ നടപടികൾക്കും ഒടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ സുപ്രധാന ധാരണയിലെത്തിയത്.
വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ മേൽനോട്ടം അമേരിക്ക നേരിട്ടാണ് നടത്തിവന്നിരുന്നത്. ഒൻപത് മാസം മുൻപ് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുഎസ് സൈന്യം വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ കസ്റ്റഡിയിലെടുത്തിരുന്നു.
മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ വിചാരണ നടപടികൾക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് മാറ്റുകയുമാണുണ്ടായത്. മഡുറോയെ പുറത്താക്കിയതിന് പിന്നാലെ യുഎസ് എണ്ണക്കമ്പനികൾക്ക് വെനസ്വേലയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് ട്രംപ് മുൻപ് തന്നെ സൂചന നൽകിയിരുന്നു.
മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് ദേശസാൽക്കരിക്കപ്പെട്ട വിദേശ കമ്പനികളുടെ ആസ്തികൾ പൂർണ്ണമായും തിരിച്ചുപിടിക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം ഉറച്ചുനിന്നിരുന്നത്.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ആറ് മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിനകത്തെ ഇന്ധനവില പിടിച്ചുനിർത്താൻ യുഎസ് സർക്കാർ കനത്ത സമ്മർദം നേരിടുന്ന ഘട്ടത്തിലാണ് ഈ നിർണായക കരാർ ഒപ്പുവെക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

