തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിൽ അറസ്റ്റിലായി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യാമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. ചെന്തിയിലെ ചതയദിന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിലേക്ക് പോകുന്നതിനിടയിലാണ് ചെന്തി അനിലിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി എന്താണ് പ്രശ്നമെന്ന് അന്വേഷിക്കുകയും, ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് മറുപടിയായി ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നാണ് ചെന്തി അനിൽ തിരിച്ച് ചോദിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുൻപ് സമ്മതിച്ചിരുന്നുവെന്നും അവസാന നിമിഷം വരെ അദ്ദേഹം എത്തുമെന്നാണ് കരുതിയതെന്നും ചെന്തി അനിൽ അവകാശപ്പെട്ടു.
മുൻ ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെത്തി സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു. എന്നാൽ ഉള്ളൂരിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്താതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഹനവ്യൂഹത്തിന് നേരെ കൈകാണിച്ചപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചതെന്നും, സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയതായും ചെന്തി അനിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

