സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കാല വിപണി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളിലെ മുഴുവൻ കണക്കുകളും പിന്തള്ളിയാണ് ഇത്തവണത്തെ ഉത്രാടച്ചൂടിലെ വിപണി വളർച്ച.
ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകൾ വഴി മാത്രം ഉത്രാടം വരെയുള്ള എട്ടു ദിവസങ്ങളിൽ 771 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 77 കോടി രൂപയുടെ വർധനയാണ് ഇതിലുണ്ടായത്.
ഉത്രാടദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ വിൽപന രേഖപ്പെടുത്തി. തിരുവോണ ദിവസം ഔട്ലെറ്റുകൾക്ക് അവധിയായിരുന്നു.
അതേസമയം, ഉത്രാട ദിനത്തിൽ മാത്രം കൺസ്യൂമർ ഫെഡ് 20.35 കോടി രൂപയുടെ മദ്യവ്യാപാരം നടത്തി.
മിൽമ പാൽ വിൽപനയിൽ വൻ കുതിപ്പ് ഓണത്തോടനുബന്ധിച്ച് പാൽ–പാലുൽപന്ന വിപണിയിൽ മിൽമ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ഉത്സവത്തിന് മുന്നോടിയായുള്ള അഞ്ച് ദിവസങ്ങളിൽ മാത്രം 1,45,76,846.63 ലീറ്റർ പാലാണ് വിറ്റഴിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളർച്ചയാണ് ഇതിലൂടെ കൈവരിച്ചത്. ഈ മാസം 20 മുതൽ ഉത്രാടം വരെയുള്ള കണക്കാണിത്.
തൈര് വിൽപനയിലും വലിയ വർധനയുണ്ടായി. ആകെ 18,09,331.50 കിലോഗ്രാം തൈര് വിറ്റുപോയപ്പോൾ 9.68 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
പാലിനും തൈരിനും പുറമെ നെയ്ണ്, പായസം തുടങ്ങിയ മറ്റ് ഉൽപന്നങ്ങൾക്കും വിപണിയിൽ വൻതോതിൽ ആവശ്യക്കാരുണ്ടായി. പ്രാദേശിക യൂണിയനുകളുടെ കണക്കുകൾ തിരുവനന്തപുരം മേഖല യൂണിയനിൽ പാൽ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വർധനയുണ്ടായി.
ഈ മാസം 1 മുതൽ 25 വരെയുള്ള കാലയളവിൽ 297.85 ടൺ നെയ്യും ഇവിടെ വിറ്റഴിച്ചു. എറണാകുളം മേഖലയിൽ പാൽ വിൽപന 4.62 ശതമാനവും തൈരിന്റേത് 16.44 ശതമാനവും ഉയർന്നു.
ഇവിടെ 172.58 ടൺ നെയ്യാണ് വിറ്റത്. മലബാർ മേഖലയിൽ പാലിന്റെ വിൽപന 6.03 ശതമാനവും തൈരിന്റെ വിൽപന 8.7 ശതമാനവും വർധിച്ചതോടൊപ്പം 358.35 ടൺ നെയ്യും വിപണിയിലെത്തിച്ചു.
സപ്ലൈകോ വിറ്റുവരവ് 433.81 കോടിയിലേക്ക് പൊതുവിപണിയിൽ സജീവസാന്നിധ്യമായ സപ്ലൈകോയുടെ ഓണക്കാല വിറ്റുവരവ് 433.81 കോടി രൂപയിലെത്തി. ജൂലൈ 22 മുതൽ ഉത്രാടദിനം വരെയുള്ള 35 ദിവസങ്ങളിലായി 53.86 ലക്ഷം പേരാണ് സപ്ലൈകോ ഔട്ലെറ്റുകൾ വഴി സാധനങ്ങൾ വാങ്ങിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിൽ 155.39 കോടി രൂപയും സബ്സിഡി ഇനത്തിൽ നിന്നുള്ളതാണ്.
കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വിലക്കുറവിലാണ് സബ്സിഡി വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് നൽകിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ട്രേഡ് ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണ ഉണ്ടായത്.
കഴിഞ്ഞ വർഷമിത് 4.82 കോടി രൂപയായിരുന്നു. ഹാൻടെക്സിനും ഹോർട്ടികോർപ്പിനും നേട്ടം ഓണക്കോടികൾക്കായി നെയ്ത്തുശാലകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതോടെ ഹാൻടെക്സിന് മികച്ച നേട്ടമുണ്ടായി.
ഈ മാസം 4 മുതൽ 25 വരെ നീണ്ടുനിന്ന ഓണക്കാല വിൽപനയിലൂടെ 8 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം നേടിയത്. കഴിഞ്ഞ വർഷം ഇത് 7 കോടി രൂപയായിരുന്നു.
കസവുസാരി, സെറ്റുമുണ്ട്, മുണ്ട്, ഷർട്ട് എന്നിവയ്ക്കൊപ്പം പുതുതലമുറയെ ആകർഷിക്കുന്ന ഡിസൈനുകളിലുള്ള വസ്ത്രങ്ങളും വിറ്റഴിക്കപ്പെട്ടു. ഓണസദ്യയ്ക്കായി ഗുണനിലവാരമുള്ള പച്ചക്കറികൾ കുറഞ്ഞ നിരപ്പിൽ ലഭ്യമാക്കിയ ഹോർട്ടികോർപ് വിപണന കേന്ദ്രങ്ങളിലും ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കൃഷി വകുപ്പിന്റെ കർഷകച്ചന്തകളും പൊതുജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. ഖാദി വിപണിയിൽ ഇടിവ് മറ്റ് മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ഖാദി വസ്ത്രങ്ങളുടെ വിൽപനയിൽ ഇത്തവണ കുറവ് രേഖപ്പെടുത്തി.
ആകെ 15 കോടിയിലേറെ രൂപയുടെ വിൽപനയാണ് നടന്നതെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 23 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം 23 മുതൽ ഈ മാസം 25 വരെ നടന്ന ഓണം ഖാദിമേളയിൽ 30% റിബേറ്റ് പ്രഖ്യാപിച്ചിരുന്നു. ഖദർ, മസ്ലിൻ, സിൽക്ക് തുണിത്തരങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നു.
സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്കായി ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നതിലുണ്ടായ കാലതാമസവും ബോർഡിന്റെ നിലവിലെ സാഹചര്യങ്ങളുമാണ് വിൽപന കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

